ന്യൂഡൽഹി: പരീക്ഷാ സമ്പ്രദായം സമ്പൂർണമായി പരിഷ്‌കരിക്കാൻ യു.പി.എസ്.സി തീരുമാനം. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും, ഐ.എ.എസ് ട്രെയ്‌നി പൂജാ ഖേദ്കറുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉന്നത പരീക്ഷകളുടെ നടത്തിപ്പ് സംശയത്തിന്റെ നിഴലിലാക്കിയ സാഹചര്യത്തിലാണ് നടപടി. ആധാർ അടിസ്ഥാനമാക്കി ഉദ്യോഗാർഥികളുടെ വിരലടയാള പരിശോധന, ഫേഷ്യൽ റെക്കഗ്നിഷ്യൻ, എ.ഐ അടിസ്ഥാനമാക്കിയുള്ള സി.സി.ടി.വി നിരീക്ഷണം തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്താനാണ് ആലോചിക്കുന്നത്.
പരീക്ഷയിൽ തട്ടിപ്പും ആൾമാറാട്ടവും നടത്താനുള്ള സാധ്യതകൾ പൂർണമായും ഇല്ലാതാക്കുകയാണ് യു.പി.എസ്.സി ലക്ഷ്യമിടുന്നത്. വ്യാജരേഖകളുണ്ടാക്കി ജോലി നേടിയെന്ന ആരോപണം നേരിടുന്ന ഐ.എ.എസ് ട്രെയിനി പൂജാ ഖേദ്കർക്കെതിരെ യു.പി.എസ്.സിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള പൂജയുടെ കുടുംബം വ്യാജ രേഖകളുണ്ടാക്കി ഒ.ബി.സി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് പലവട്ടം സംഘടിപ്പിക്കുകയും അതുപയോഗിച്ച് അപേക്ഷകൾ സമർപ്പിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നീറ്റ് യു.ജി പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയും പുതിയ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്താൻ കാരണമായിട്ടുണ്ട്. യു.പി.എസ്.സി നടത്തുന്ന പരീക്ഷകളിൽ സാങ്കേതിക സേവനങ്ങൾ നൽകുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. കമ്മീഷൻ അടുത്തിടെ പുറത്തിറക്കിയ ടെണ്ടറിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സേവനങ്ങളിൽ ആധാർ അടിസ്ഥാനമാക്കിയുള്ള വിരലടയാള പരിശോധന, ഉദ്യോഗാർഥികളുടെ ഫേസ് റെക്കഗ്നിഷൻ, ഇ-അഡ്മിറ്റ് കാർഡുകളുടെ ക്യു.ആർ കോഡ് സ്‌കാനിങ്, തത്സമയ എ.ഐ അടിസ്ഥാനമാക്കിയുള്ള സി.സി.ടി.വി നിരീക്ഷണ സംവിധാനം എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്.
പരീക്ഷാ ഷെഡ്യൂൾ, പരീക്ഷാ സെന്ററുകളുടെ വിശദവിവരങ്ങൾ, ഉദ്യോഗാർഥികളുടെ എണ്ണം എന്നിവ സാങ്കേതിക സഹായം നൽകുന്ന കമ്പനിക്ക് ആവശ്യമായ ഒരുക്കങ്ങൾ നടത്തുന്നതിനായി മൂന്നോ നാലോ ആഴ്ച മുമ്പ് നൽകും. ഫിംഗർ പ്രിന്റ്, ഫേസ് റെക്കഗ്നിഷൻ എന്നിവക്ക് സൗകര്യമൊരുക്കാൻ ഉദ്യോഗാർഥികളുടെ പേര്, റോൾ നമ്പർ, ഫോട്ടോ തുടങ്ങിയവ ഒരാഴ്ച മുമ്പ് കമ്പനികൾക്ക് നൽകും. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ക്യൂ.ആർ കോഡ് സ്‌കാനർ സ്ഥാപിക്കണം. ഉദ്യോഗാർഥിയുടെ അഡ്മിറ്റ് കാർഡിലെ ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ യു.പി.എസ്.സിയുടെ ഡാറ്റാ ബേസിലെ വിവരങ്ങൾ ലഭ്യമാകും. മെയിൻ എക്‌സാം, ഇന്റർവ്യൂ, വെരിഫിക്കേഷൻ തുടങ്ങിയ ഘട്ടങ്ങളിലെല്ലാം പ്രാഥമിക പരീക്ഷയുടെ സമയത്ത് ശേഖരിച്ച വിവരങ്ങൾ പരിശോധിച്ച് ഉദ്യോഗാർഥിയുടെ ഐഡന്റിറ്റി സേവന ദാതാവ് ഉറപ്പാക്കണമെന്നും യു.പി.എസ്.സിയുടെ ടെണ്ടറിൽ പറയുന്നു.