മലപ്പുറത്തെ നിപ വൈറസ് രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ഒമ്പത് പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് മന്ത്രി വീണാ ജോർജ്. 15 പേരാണ് ആശുപത്രികളിൽ ചികിത്സയുള്ളത്. പനി ഉള്ളവരുടെ റിസൾട്ടുകളും നെഗറ്റീവ് ആയി എന്നും മന്ത്രി അറിയിച്ചു.
‘2023-ൽ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് ഇപ്പോഴും സ്ഥിരീകരിച്ചു. നിപ ബാധിച്ച കുട്ടിയുടെ കുടുംബംഗങ്ങളുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണ്. 406 പേര്‍ സമ്പർക്ക പട്ടികയിലുണ്ട്. ഹൈറിസ്‌ക് കാറ്റഗറിയിൽ 194 പേർ ഉൾപ്പെടുന്നുണ്ട്. 139 പേർ ആരോഗ്യ പ്രവർത്തകരാണ്. 7239 വീടുകളിൽ സർവ്വേ പൂർത്തിയായി. സർവ്വേയിൽ 439 പേർക്ക് പനിയുള്ളതായി കണ്ടെത്തി. അതിൽ നാല് പേർ കുട്ടിയുമായി സമ്പർക്കം ഉള്ളവരാണ്. അവരുടെ സാംപിളുകൾ പരിശോധിക്കും. മൊബൈൽ ലാബിലെ പരിശോധന നാളെ മുതൽ ആരംഭിക്കും’- മന്ത്രി വീണാ ജോർജ് പറഞ്ഞു.
അതേസമയം നിപ പ്രതിരോധത്തിന്റെ ഭാഗമായി 19 സാമ്പിളുകൾ ഇന്ന് പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതിൽ 5 എണ്ണം ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. നിപ രോഗം പകരുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ട നടപടികൾ ആണ് എടുക്കുന്നത്. പരമാവധി ആളുകളുടെ സമ്പർക്കപ്പട്ടിക ആണ് തയാറാക്കുന്നത്. 7200 വീടുകൾ രണ്ട് പഞ്ചായത്തുകളിലും രോഗ ലക്ഷണ സർവേയുടെ ഭാഗമായി സന്ദർശനം നടത്തുന്നുണ്ട്.