ജാഗ്രത പാലിക്കണം; ഖത്തറിലെ ഹെല്‍ത്ത് കാര്‍ഡ് പുതുക്കണമെന്ന വ്യാജ സന്ദേശവുമായി തട്ടിപ്പ് സംഘം

Share

ദോഹ: ഖത്തറിലെ ഹെല്‍ത്ത് കാര്‍ഡ് പുതുക്കാനുള്ള വ്യാജ സന്ദേശവുമായി തട്ടിപ്പ് സംഘം. ഹെല്‍ത്ത് കാര്‍ഡ് പുതുക്കാൻ സമയമായെന്ന് കാണിച്ച് മൊബൈല്‍ എസ്എംഎസ് വഴിയാണ് വ്യാജ സന്ദേശം വരുന്നത്. ഇതിനെതിരെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി) രംഗത്തെത്തിയിട്ടുണ്ട്.
‘താങ്കളുടെ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി അവസാനിക്കാറായി. താഴെ നല്‍കിയിരിക്കുന്ന ലിങ്ക് വഴി 24 മണിക്കൂറിലുള്ളില്‍ അത് പുതുക്കാന്‍ ശ്രദ്ധിക്കുക’ എന്ന രീതിയിലാണ് എസ്എംഎസ്സുകള്‍ വരുന്നത്. തൊട്ടുതാഴെ https:hukoomigov.bhpost.top എന്ന ഒരു ലിങ്കും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നും തങ്ങളുടെ പേരില്‍ നടക്കുന്ന ഈ ഓണ്‍ലൈന്‍ തട്ടിപ്പിനെതിരേ കരുതിയിരിക്കണമെന്നും എച്ച്എംസി അധികൃതര്‍ പറഞ്ഞു. സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളുടെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്.
ഇക്കാര്യത്തില്‍ രോഗികളും ഹെല്‍ത്ത് കാര്‍ഡ് ഉടമകളും ജാഗ്രത പാലിക്കണമെന്നും ആധികാരികമെന്ന് ഉറപ്പില്ലാത്ത ഉറവിടങ്ങളില്‍ നിന്നുള്ള ലിങ്കുകളോ എസ്എംഎസുകളോ തുറക്കുന്നത് ഒഴിവാക്കണമെന്നും എച്ച്എംസി നിര്‍ദ്ദേശിച്ചു. ഇത്തരം സന്ദേശങ്ങളില്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളോ ഹെല്‍ത്ത് കാര്‍ഡോ അപ്‌ഡേറ്റ് ചെയ്യുന്നതായി അവകാശപ്പെടുന്ന ലിങ്കുകള്‍ അടങ്ങിയിരിക്കാമെന്നും അവ തുറക്കരുതെന്നും അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് കാര്‍ഡ് പുതുക്കുന്നതിനുള്ള ഔദ്യോഗിക ലിങ്ക് https://services.hukoomi.gov.qa/en/e-services/renew-health-card എന്നതാണെന്നും എച്ച്എംസി വ്യക്തമാക്കി.