തിരുവനന്തപുരം: ഒരു ജീവൻ നഷ്ടപ്പെട്ടിട്ടും ആമയിഴഞ്ചാൻ തോടിൽ മാലിന്യം നിക്ഷേപിക്കാൻ വീണ്ടും ശ്രമം. കഴിഞ്ഞ ദിവസം മാലിന്യം നിക്ഷേപിക്കാൻ ശ്രമിക്കുന്നതിനിടെ ഒൻപതുപേരെയാണ് വാഹനമടക്കം പിടികൂടിയത്. രാത്രിയിൽ വനിതകളുടെ ഹെൽത്ത് സ്ക്വാഡാണ് മാലിന്യം തള്ളാനെത്തിയവരെ പിടികൂടിയത്. മൂന്ന് ടീമുകളായി വിവിധഭാഗങ്ങളിൽ നടന്ന പരിശോധനകളിൽ ആകെ 45,090 രൂപ വീതം പിഴ ചുമത്തിയതായി മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.
തലസ്ഥന നഗരത്തിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കിയിട്ടും ഇത്തരം പ്രവണത വർധിച്ചുവരികയാണ്. ഒരു മനുഷ്യ ജീവൻ നഷ്ട്ടപെട്ടിട്ടും യാതൊരു കൂസലുമില്ലാതെ വീണ്ടും അതേ തോടിന്‍റെ മറ്റ് ഭാഗങ്ങളിൽ മാലിന്യം വലിച്ചെറിയാൻ ജനങ്ങൾ തുനിയുന്നത്.
മാലിന്യം വലിച്ചെറിയുന്ന രീതി അവസാനിപ്പിക്കണം. എല്ലാത്തരം മാലിന്യങ്ങളും സംസ്കരിക്കാനുള്ള സംവിധാനം നഗരസഭയ്ക്കുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ യാതൊരു ന്യായീകരണവും ഇല്ല. കർശനമായ നടപടികൾ തന്നെ സ്വീകരിക്കുമെന്നും, കൂടുതൽ തുകയുടെ പിഴയും വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് അടക്കമുള്ളവ സ്വീകരിക്കാനുള്ള നടപടികൾ തുടർന്ന് എടുക്കുമെന്നും മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.