കണ്ണൂർ: കണ്ണൂർ ചെങ്ങളായിയിൽ ഇന്നലെ നിധിയെന്ന് കരുതുന്ന ആഭരണശേഖരം ലഭിച്ച സ്ഥലത്ത് നിന്ന് ഇന്നും നാണയങ്ങളും മുത്തുകളും കണ്ടെത്തി. ഇന്നലെ എടുത്ത മഴക്കുഴിക്ക് സമീപം വീണ്ടും കുഴിയെടുത്തപ്പോഴാണ് നാണയങ്ങളും മുത്തുകളും ലഭിച്ചത്. അഞ്ച് വെള്ളിനാണയങ്ങളും രണ്ട് സ്വർണമുത്തുകളുമാണ് ലഭിച്ചത്. പൊലീസ് സ്ഥലത്തുണ്ടായിരുന്നു.
തൊഴിലുറപ്പ് തൊഴിലിനിടെയാണ് നിധിയെന്ന് സംശയിക്കുന്ന സ്വര്‍ണം, വെള്ളി ശേഖരം തൊഴിലാളികൾക്ക് ലഭിച്ചത്. കണ്ണൂർ ചെങ്ങളായി പരിപ്പായി ഗവ. യു.പി സ്കൂളിന് സമീപത്തെ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ പണിയെടുക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ഇവ ലഭിച്ചത്. 17 മുത്തുമണി, 13 സ്വര്‍ണ ലോക്കറ്റുകള്‍, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങള്‍, പഴയകാലത്തെ അഞ്ച് മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, നിരവധി വെള്ളി നാണയങ്ങള്‍, ഭണ്ഡാരമെന്ന് തോന്നിക്കുന്ന ഒരു വസ്തു എന്നിവയാണ് ലഭിച്ചത്. വ്യാഴാഴ്ച വൈകീട്ട് ചെങ്ങളായി പഞ്ചായത്ത് പത്താം വാര്‍ഡ് തൊഴിലുറപ്പ് തൊഴിലാളികള്‍ റബര്‍ തോട്ടത്തില്‍ മഴക്കുഴി നിര്‍മിക്കുന്നതിനിടയിലാണ് ശേഖരം കണ്ടെത്തിയത്.