മുതലപ്പൊഴി ദുരന്തമുഖമാകുന്നു

Share

മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ട് മത്സ്യത്തൊഴിലാളികൾ കടലിലേക്ക് വീണാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട മുഴുവൻ പേരെയും രക്ഷപ്പെടുത്തി. 11 പേരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മത്സ്യബന്ധനത്തിന് വേണ്ടി പോയ വള്ളത്തിലെ വലകൾ കടലിലേക്ക് പോയതിനെ തുടർന്ന് അത് എടുക്കുന്നതിനു വേണ്ടിയുള്ള ശ്രമം തുടർന്നപ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്. പെരുമാതുറ സ്വദേശി ഷാക്കിറിൻ്റെ ഉടമസ്ഥതയിലുള്ള വലിയ വള്ളമാണ് അപകടത്തിൽപ്പെട്ടത്.
വാമനപുരം ആറും അഞ്ചുതെങ്ങ് കായലും അറബിക്കടലിൽ ചേരുന്ന മുതലപ്പൊഴി പ്രകൃതിമനോഹരമായ സ്ഥലമാണ്. എന്നാൽ ഇപ്പോൾ മുതലപ്പൊഴി ദുരന്തമുഖമായി മാറിയിരിക്കുകയാണ്. ജീവിക്കാനായി മീൻപിടിത്തത്തിന് പോകുന്ന മനുഷ്യരുടെ ദുരന്തകഥകൾ മാത്രമാണ് ഇവിടത്തുകാർക്ക് പറയാനുള്ളത്.
16-കാരൻ മുതൽ 65 വയസ്സുള്ളവർവരെയാണ് അപകടത്തിൽ പെട്ട് മരണപെടുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ നിരവധി കുടുംബങ്ങളുടെ സുരക്ഷിതത്വവും സ്നേഹവും മുതലപ്പൊഴിയിൽ വീണുതകർന്നു.
നിർമാണത്തിലെ അശാസ്ത്രീയതയാണ് മുതലപൊഴിയിൽ അപകടം വർധിക്കുന്നതെന്നാണ് വിലയിരുത്തൽ. നിർമ്മാണം മൂലം നാട്ടുകാരുടെ സ്വപ്നങ്ങളാണ് തകരുന്നത്. വള്ളങ്ങൾ പൊഴിയിൽ തിരയിലടിച്ച് മറിയുന്നത് ഇവിടെ നിത്യസംഭവമായി. പുലിമുട്ടുകൾക്ക് തടുക്കാനാകാതെ മണലൊഴുക്ക് പൊഴിയിലേക്ക്‌ എത്തുകയാണ്. കടലിനടിയിൽ രൂപപ്പെട്ട മണൽത്തിട്ട കൃത്യമായി ഡ്രഡ്ജ് ചെയ്ത് മാറ്റാനും അധികൃതർക്ക് കഴിയുന്നില്ല. അതിനാൽ തന്നെ മീൻപിടിക്കാൻ പോയി കടലിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം കൂടി വരുകയാണ്. വർഷത്തിൽ ശരാശരി ഏഴുപേരുടെ ജീവനാണ് മുതലപ്പൊഴിയിൽ നഷ്ടമാകുന്നത്.