ഇന്ത്യക്കാർക്ക് സൗദിയിൽ പ്രവേശിക്കാൻ ഇനി പുതിയ വിസ

Share

റിയാദ്: സൗദി സന്ദർശിക്കാൻ ഇന്ത്യക്കാർക്കായി പുതിയ വിസ പ്രഖ്യാപിച്ച് സൗദി മന്ത്രാലയം. 2030 ആകുന്നതോടെ 7.5 ദശലക്ഷം സന്ദര്‍ശകര്‍ രാജ്യത്തേക്ക് എത്തണമെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ഇതിനായി സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ യാത്രക്കാര്‍ക്കായി പുതിയ കാറ്റഗറി വിസകൾ പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി അറേബ്യ. ചില പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് സൗദിയുടെ പുതിയ ഇ-വിസ, വിസ ഓൺ അറൈവൽ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും.
ഇനി തന്നിരിക്കുന്ന നിബന്ധനകൾ പാലിക്കുന്നില്ലെങ്കിലും വിഷമിക്കേണ്ട, ആ സാഹചര്യത്തിൽ വിസക്കായി തശീൽ സെൻ്ററുകളെ ആശ്രയിക്കാം. യുഎസ്എയിൽ നിന്നോ യുകെയിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും ഷെൻഗെൻ രാജ്യങ്ങളിൽ നിന്നോ സാധുതയുള്ള ടൂറിസ്റ്റ് അല്ലെങ്കിൽ ബിസിനസ് വിസ ഉള്ളവര്‍ക്കാണ് പുതിയ മാറ്റങ്ങൾ പ്രയോജനപ്പെടുക. എൻട്രി സ്റ്റാമ്പ് ചെയ്ത രേഖകളും കയ്യിലുണ്ടെങ്കിൽ ഇവര്‍ ഇ-വിസ നേടാനുള്ള അര്‍ഹത നേടും.
ഡോക്യുമെൻ്റ് തയ്യാറാക്കൽ, അപ്പോയിൻമെൻ്റ് ബുക്കിങ്, അപ്ലിക്കേഷൻ സബ്മിഷൻ, ബയോ മെട്രിക് എൻറോൾമെൻ്റ്, പാസ്പോര്‍ട്ട് കളക്ഷൻ തുടങ്ങിയ നടപടിക്രമികൾ പൂര്‍ത്തിയാക്കിയാലാണ് വിസ ലഭിക്കുക. നിലവിൽ ഇന്ത്യയിൽ 10 സൗദി വിസ ഫെസിലിറ്റേഷൻ സെൻ്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. മുംബെെ, ന്യൂഡൽഹി, കൊച്ചി, ഹൈദരാബാദ്, അഹമ്മാബാദ്, ബെംഗളുരു, ലക്നൗ, കൊൽക്കത്ത, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് വിസ ഫെസിലിറ്റേഷൻ സെൻ്ററുകളുള്ളത്. വൈകാതെ മറ്റു നഗരങ്ങളിലും ഇത്തരം കേന്ദ്രങ്ങൾ തുറക്കാനാണ് അധികൃതരുടെ നീക്കം.