കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. രാമനാട്ടുകര സ്വദേശിയായ പതിനാല് വയസ്സുക്കാരൻ മൃദുലാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ജൂൺ 24നായിരുന്നു കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്‍റിലേറ്ററിലായിരുന്നു. രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ കുട്ടിയാണ് മൃദുൽ. മൃദുലിന് ഇന്നല പുലർച്ചെ മുതൽ വിദേശത്തുനിന്ന് എത്തിച്ച മരുന്ന് നൽകിത്തുടങ്ങിയിരുന്നെങ്കിലും പ്രതികരിച്ചിരുന്നില്ല. സർക്കാർ ഇടപെടലിനെത്തുടർന്ന് ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് കോഴിക്കോട്ടേക്ക് മരുന്നെത്തിച്ചത്. അരമണിക്കൂറിനകം ആദ്യ ഡോസും, പകൽ പതിനൊന്നിന് രണ്ടാമത്തെ ഡോസും നൽകിയെങ്കിലും രാത്രി വൈകിയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടായില്ല. രാത്രിയോടെ മരണവും സംഭവിച്ചു.
നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം പിടിപ്പെടുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.
രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയവയാണ് ലക്ഷണങ്ങൾ.