മാന്നാര്‍ കൊലപാതക കേസില്‍ നാലു പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് ആരംഭിച്ചു. കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. പ്രതികള്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തി. ജിനു, സോമന്‍, പ്രമോദ്, സുരേഷ് എന്നിവരാണ് മറ്റ് പ്രതികള്‍. കൊലയ്ക്ക് കാരണം യുവതിക്ക് മറ്റാരുമായോ ബന്ധമെന്ന സംശയമാണ്. കൊലപാതകം പെരുമ്പുഴ പാലത്തില്‍ വച്ചാണ് നടന്നത്. മൃതദേഹം കൊണ്ട് പോയത് മാരുതിക്കാറില്‍. 2009ല്‍ നടന്ന കൊലപാതകത്തിന്റെ തെളിവുകള്‍ മൃതദേഹം മറവ് ചെയ്ത് പ്രതികള്‍ നശിപ്പിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. 302, 201, 34 എന്നീവകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കലയെ 15 വര്‍ഷം മുമ്പ് കൊലപ്പെടുത്തിയതെന്ന വിവരം വെളിപ്പെടുത്തിയത് പ്രതികളില്‍ ഒരാളുടെ ഭാര്യയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച ശേഷം അത് ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതി ഭാര്യയോട് കലയെ കൊന്നപോലെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണി പെടുത്തി സംഭവം വെളിപ്പെടുത്തുക ആയിരുന്നു. ഈ വിവരം പിന്നീട് പൊലീസിന് ഊമക്കത്തിലൂടെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് അമ്പലപ്പുഴ പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചത്.
ഇസ്രയേലില്‍ ജോലി ചെയ്യുന്ന അനിലിന്റെ ആദ്യ ഭാര്യയായിരുന്നു കല. ഇരുവരും രണ്ടു ജാതിയില്‍പ്പെട്ടവരായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. കല തന്നെയും മക്കളെയും ഉപേക്ഷിച്ച് പോയെന്നാണ് അനില്‍ പറഞ്ഞത്. ഒന്നാംപ്രതി അനില്‍കുമാറിനെ വിദേശത്തുനിന്നും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിക്കും. കലയുടെതെന്ന് സംശയിക്കുന്ന മൃതദേഹവശിഷ്ടങ്ങളുടെ പരിശോധന ഫലം രണ്ടു ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിന് ലഭിക്കും.