ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ഹാത്രസിൽ മത ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 130 കടന്നു. 27 മൃതദേഹങ്ങൾ ഇതുവരെ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിൽ എത്തിച്ചതായി അധികൃതർ അറിയിച്ചു. മുഗൾഗർഹി ഗ്രാമത്തിൽ നടന്ന മതപരമായ ചടങ്ങിനിടെയാണ് അപകടം നടന്നത്.
മരിച്ചവരില്‍ 110 സ്ത്രീകള്‍, 5 കുട്ടികള്‍, 6 പുരുഷന്‍മാര്‍ എന്നിവരാണ് ഉള്‍പ്പെട്ടത്. അപകടത്തില്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. മുഖ്യ സംഘാടകന്‍ ദേവ പ്രകാശ് മധുക്കറിനും, പരിപാടിയുടെ മറ്റ് സംഘാടകര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്. 105,110,126(2) 223,238 വകുപ്പുകള്‍ പ്രകാരമാണ് കേസ്.
അതേസമയം സംഭവത്തില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണമെന്ന് ഹര്‍ജി നല്‍കിയിരിക്കുകയാണ് അഭിഭാഷകനായ വിശാല്‍ തീവാരി. അന്വേഷണത്തിനുവേണ്ടി അഞ്ചംഗ സമിതി രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജി അഭിഭാഷകനായ ഗൗരവ് ദ്വിവേദി അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
യഥാർത്ഥത്തിൽ എത്ര പേർ ഇവിടെ ഒത്തുകൂടി എന്ന വിവരം സംഘാടകർ മറച്ചുവെക്കുന്നുവെന്നാണ് വിവരം. നേരത്തെ നടന്ന പരിപാടികളിൽ ഒരു ലക്ഷത്തോളം വരുന്ന അനുയായികൾ പങ്കെടുത്തുവെന്നാണ് വിവരം. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഭോലെയ്ക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പോലും അനുയായികൾ ഉണ്ടാിയരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. പരിപാടി വീക്ഷിക്കാൻ ഉത്തർപ്രദേശിന് പുറത്ത് നിന്നും ആളുകൾ എത്താറുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ വിവിധയിടങ്ങളിൽ നിന്ന് ആളുകൾ എത്തിയിരുന്നു.