ഒമാനിൽ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തി

Share

മസ്‌കറ്റ്: ഒമാനില്‍ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ ആദ്യഘട്ടത്തിന് ഇന്നലെ തുടക്കമായി. ആരോഗ്യ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തില്‍ പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം പ്രാബല്യത്തില്‍ വന്നത്. 50 മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്കാണ് നിരോധനം. ഇതുപ്രകാരം ഒമാനിലെ ഫാര്‍മസികള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളിലാണ് പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നതിന് ജൂലൈ ഒന്ന് മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
പ്ലാസ്റ്റിക് നിരോധനം ഈ വര്‍ഷം ജനുവരിയില്‍ തന്നെ ഒമാന്‍ പരിസ്ഥിതി അതോറിറ്റി പ്രഖ്യാപിച്ചിരുന്നു.
നിയമം ലംഘിച്ച് പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉപയോഗിച്ചാല്‍ 50 മുതല്‍ 1000 ഒമാനി റിയാല്‍ വരെ പിഴ ഈടാക്കും. ഇത് രണ്ട് ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് മുകളിലാണിത്. നിയമം ലംഘനം ആവര്‍ത്തിക്കുന്നതിന് അനുസരിച്ച് പിഴ ഇരട്ടിയാവും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. അതേസമയം, പകരം ഉപയോഗിക്കാവുന്ന തുണി, പേപ്പര്‍ ബാഗുകള്‍ വിപണിയില്‍ ലഭ്യമാണെന്നും അവയ്ക്ക് അമിത വില ഈടാക്കുന്നില്ലെന്നും ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.