കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്കെതിരായ ഗുരുതര കുറ്റങ്ങൾ അടങ്ങിയ പോക്‌സോ കേസിന്റെ കുറ്റപത്രം പുറത്ത്. ലൈംഗികാതിക്രമ സംഭവത്തിൽ സഹായം തേടിയെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് യെദ്യൂരപ്പ പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം കുട്ടിക്കും അമ്മയ്ക്കും പണം നൽകി സംഭവം ഒതുക്കാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ആണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബംഗളൂരുവിലെ യെദ്യൂരപ്പയുടെ വസതിയിൽ വെച്ചാണ് സംഭവം. ലൈംഗികാതിക്രമം നേരിട്ട സംഭവത്തിൽ നീതിക്കായി സഹായം തേടിയാണ് അമ്മയും മകളും യെദ്യൂരപ്പയെ സന്ദർശിച്ചത്. ഇരയായ പെൺകുട്ടിയുടെ കയ്യിൽ നിന്ന് കണ്ടെടുത്ത വീഡിയോ ദൃശ്യമാണ് പ്രധാന തെളിവായി കുറ്റപത്രത്തിൽ പറയുന്നത്. വീഡിയോയിൽ എന്റെ മകളെ നിങ്ങൾ എന്താണ് ചെയ്തതെന്ന് കുട്ടിയുടെ അമ്മ ചോദിക്കുന്നുണ്ട്. എനിക്കും പേരക്കുട്ടികളുണ്ട്, അവൾ മിടുക്കിയാണ്, ഞാൻ നോക്കി പരിശോധിച്ചു എന്നാണ് യെദ്യൂരപ്പയുടെ മറുപടി
ഈ ദൃശ്യം കുട്ടിയുടെ അമ്മ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇത് ഡിലീറ്റ് ചെയ്യാൻ യെദ്യൂരപ്പ രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. വീട്ടിലേക്ക് വീണ്ടും വിളിച്ചു വരുത്തി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിച്ചു എന്നും കുറ്റപത്രത്തിൽ പറയുന്നു.
ഐപിസി സെക്ഷൻ 354 എ (ലൈംഗിക പീഡനം) പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കുറഞ്ഞത് 3 വർഷം വരെ തടവും, അത് 5 വർഷം വരെ തടവ് നീട്ടാനും നിയമം വ്യവസ്ഥയുണ്ട്. എന്നാൽ താൻ തെറ്റൊന്നും ചെയ്‌തിട്ടില്ല എന്ന് പറഞ്ഞ് ബി എസ് യെദ്യൂരപ്പ കുറ്റം നിഷേധിച്ചു. തനിക്കെതിരായ ഗൂഢാലോചനയിൽ ഏർപ്പെടുന്നവരെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.