വിവാഹത്തിൽ നിന്ന് യുവതി പിന്മാറിയതിനാൽ വീടിന് നേരെ വെടിയുതിർത്ത് യുവാവ്

Share

മലപ്പുറം: വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ യുവതിയുടെ വീടിന് നേരെ വെടിയുതിർത്ത് യുവാവ്. മലപ്പുറം കോട്ടയ്ക്കൽ അരിച്ചോളില്‍ ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. എയർഗണ്ണുമായി എത്തിയ അബു താഹിർ എന്ന യുവാവ് യുവതിയുടെ വീടിന് നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് റൗണ്ട് വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അബു താഹിറുമായുള്ള നിക്കാഹിന് ശേഷമാണ് പെൺ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറിയത്. നിക്കാഹിന് ശേഷം അബു താഹിറിന്‍റെ പെരുമാറ്റത്തിൽ മാറ്റം വരുകയും, പെൺവീട്ടുകാരോട് ഇയാൾ മോശമായി പെരുമാറിയെന്നാണ് പറയുന്നത്. ഇതോടെയാണ് വിവാഹത്തിൽ നിന്ന് പിന്മാറിയത്. രണ്ടുവീട്ടുകാരും ചേർന്ന് തന്നെയാണ് വിവാഹത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്നാണ് വിവരം. ഈ വൈരാഗ്യത്തിലാണ് പ്രതി വെടിയുതിർത്തത്.
വെടിയുതിർത്തതോടെ ശബ്ദം കേട്ടെങ്കിലും എന്താണെന്ന് മനസ്സിലായിരുന്നില്ല. തുടർപരിശോധനയിലാണ് ജനൽ തകർന്നതായി കണ്ടെത്തിയത്. സംഭവസമയത്ത് മൂന്ന് സ്ത്രീകളടക്കം അഞ്ചുപേർ വീട്ടിലുണ്ടായിരുന്നു. പ്രതിയെ കോട്ടയ്ക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.