കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം എത്തും

Share

കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമനം ഉടൻ എത്തുമെന്ന് വിവരം. തീപ്പിടുത്ത ദുരന്തത്തില്‍ മരണമടഞ്ഞവരെയും വഹിച്ചുളള വിമാനം ഇന്ത്യയിലേക്ക് പുലര്‍ച്ചെ 1.15 ഓടെയാണ് യാത്ര തിരിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. മൃതദേഹങ്ങള്‍ അവരവരുടെ വീടുകളിലെത്തിക്കാന്‍ പ്രത്യേകം ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
നിലവിൽ 24 മലയാളികള്‍, 7 തമിഴ്‌നാട്, ഒരു കര്‍ണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തിലെത്തുന്നത്. ഒരു ആംബുലസിന് പൊലീസ് വാഹനത്തോടെ വീട് വരെ അകമ്പടി നല്‍കും. തമിഴ് നാട്ടിലേക്കുള്ള വാഹനങ്ങളും എത്തിച്ചിട്ടുണ്ട്.
അതേസമയം കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അമ്പതായി. പരുക്കേറ്റ് ചികിൽസയിൽ ആയിരുന്ന ഒരാൾ കൂടി മരിച്ചതായി കുവൈത്ത് വിദേശകാര്യമന്ത്രി അറിയിച്ചു. തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചതിന് പിന്നാലെയാണ് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തത്. ബിഹാറുകാരാനാണ് മരിച്ചതെന്നാണ് നിഗമനം. മരിച്ച മറ്റൊരാളുടെ മൃതദേഹം ഡിഎൻഎ പരിശോധനഫലം ലഭിച്ചശേഷം നാട്ടിലേക്ക് കൊണ്ടുവരും.
കൂടാതെ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കുവൈറ്റ് ധന സഹായം പ്രഖ്യാപിച്ചു. മരിച്ച 49 പേരുടെ കുടുംബങ്ങള്‍ക്ക് നിശ്ചിത തുക അനുവദിക്കാനാണ് കുവൈറ്റ് അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ഉത്തരവിട്ടത്. ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തീപിടുത്തത്തെ തുടർന്ന് കുവൈറ്റില്‍ കെട്ടിടങ്ങളില്‍ പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. കുവൈത്തിലെ കെട്ടിടങ്ങളിലെ നിയമലംഘനം പൊതുജനങ്ങള്‍ക്ക് വിളിച്ച് അറിയിക്കാനായി ഹോട്ട്‌ലൈന്‍ തുടങ്ങുമെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബ്ഹ വ്യക്തമാക്കി.
നടപടികള്‍ വേഗത്തിലെടുക്കാന്‍ ഇത് സഹായിക്കും. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തത്തിന് പിന്നാലെ ആഭ്യാന്തരമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ കെട്ടിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഒട്ടേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. മുനിസിപ്പാലിറ്റി കാര്യ സഹമന്ത്രി ഡോ.നൂറ അല്‍-മഷയും പരിശോധനയില്‍ പങ്കെടുത്തു.