വിമാന യാത്രക്കാർക്ക് ബുക്കിംഗ് സൗകര്യം എളുപ്പമാക്കാൻ ‘ഫെയർ ലോക്ക്’ സംവിധാനം

Share

യാത്രക്കാർക്ക് ബുക്കിംഗ് സൗകര്യം കൂടുതല്‍ എളുപ്പമാക്കാനൊരുങ്ങി എയർ ഇന്ത്യ. ‘ഫെയർ ലോക്ക്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചാണ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം ഉറപ്പാക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് പ്രക്രിയയില്‍ ഈ ഫീച്ചർ ഇപ്പോള്‍ എയർഇന്ത്യ ഡോട്ട് കോമിലെയും എയർ ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷനിലെയും ബുക്കിംഗ് ഫ്ലോയില്‍ തടസ്സമില്ലാതെ ലഭിക്കും.
പുതിയ ഫീച്ചർ പ്രകാരം, യാത്രക്കാർക്ക്, നാമമാത്രമായ ഫീസ് അടച്ച്‌ 48 മണിക്കൂർ കാലയളവിലേക്ക് തിരഞ്ഞെടുത്ത നിരക്ക് ലോക്ക് ചെയ്യാൻ സാധിക്കും. അതായത്, നിരക്കുകളിലോ ലഭ്യതയിലോ പെട്ടെന്നുള്ള ഏറ്റക്കുറച്ചിലുകളെ കുറിച്ച്‌ ആകുലപ്പെടാതെ ഉപഭോക്താക്കള്‍ക്ക് അവരുടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. യാത്ര ചെയ്യേണ്ടതിന്റെ 10 ദിവസം മുൻപ് വരെയുള്ള തീയതികളില്‍ ഈ ഫീച്ചർ ലഭ്യമാകും.
അതേസമയം, എയർ ഇന്ത്യ രണ്ട് വർഷത്തിന് ശേഷം ജീവനക്കാരുടെ ശമ്ബളം ആദ്യമായി വർധിപ്പിച്ചു. ഇതിനുപുറമെ, പൈലറ്റുമാർക്കുള്ള വാർഷിക ടാർഗെറ്റ് പെർഫോമൻസ് ബോണസ് സംവിധാനവും എയർഇന്ത്യ ആരംഭിച്ചിട്ടുണ്ട്. 2024 ഏപ്രില്‍ 1 മുതല്‍ മുൻ കാല പ്രാബല്യത്തോടെയാണ് ശമ്ബള വർധന. ഫസ്റ്റ് ഓഫീസർ മുതല്‍ സീനിയർ കമാൻഡർ വരെയുള്ളവരുടെ ശമ്ബളം പ്രതിമാസം 5,000 രൂപ മുതല്‍ 15,000 രൂപ വരെ വർധിപ്പിച്ചു. ജൂനിയർ ഫസ്റ്റ് ഓഫീസർമാരുടെ ശമ്ബള വർദ്ധന പ്രഖ്യാപിച്ചിട്ടില്ല.. 2023-24 സാമ്ബത്തിക വർഷത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ജീവനക്കാർക്ക് ബോണസ് നല്‍കുക.ജൂനിയർ ഫസ്റ്റ് ഓഫീസർ മുതല്‍ സീനിയർ കമാൻഡർമാർ വരെ പ്രതിവർഷം 42,000 രൂപ മുതല്‍ 1.8 ലക്ഷം രൂപ വരെ ബോണസ് നല്‍കും. കമാൻഡർ, സീനിയർ കമാൻഡർ എന്നിവർക്ക് 1.32 ലക്ഷം, 1.80 ലക്ഷം എന്നിങ്ങനെയാണ് ബോണസ്.