നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുത്ത് എൻഡിഎ സഖ്യം. വൈകീട്ട് നടന്ന യോഗത്തിന് ശേഷമാണ് മോദിയെ വീണ്ടും എൻഡിഎ തെരഞ്ഞെടുത്തത്. അതേസമയം, സർക്കാർ രൂപീകരണത്തിനൊരുങ്ങി എൻ.ഡി.എ. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ഭവനിലെത്തി രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടന്നേക്കും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ , ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു എന്നിവർ വൈകിട്ട് നടക്കുന്ന എൻ.ഡി.എ യോഗത്തിൽ പങ്കെടുക്കും. ആഭ്യന്തരമടക്കമുള്ള സുപ്രധാന വകുപ്പുകൾ ഘടകകക്ഷികൾ ആവശ്യപ്പെട്ടത് ബിജെപിക്ക് തലവേദനയായി. സ്പീക്കർ, നാല് ക്യാബിനറ്റ് മന്ത്രിസ്ഥാനവും ചോദിക്കാനൊരുങ്ങി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി രംഗത്തുണ്ട്. അടുത്ത സർക്കാർ അധികാരത്തിൽ വരുന്നത് വരെ കാവൽ പ്രധാനമന്ത്രിയായിരിക്കാൻ രാഷ്‌ട്രപതി ദ്രൗപതി മുർമു നരേന്ദ്രമോഡിയോട് ആവശ്യപ്പെടും. ശേഷം ജൂൺ എട്ടിന് നരേന്ദ്രമോദി തന്നെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ബിജെപി കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മോദിയും അമിത് ഷായും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും അടക്കമുള്ള ഘടകകക്ഷികളെ ഫോണിൽ വിളിച്ചിരുന്നു. ടിഡിപിയെ എൻഡിഎയിൽ തന്നെ നിലനിർത്താനാണ് ശ്രമം. എൻഡിഎയിൽ തന്നെ ഉറച്ചുനിൽക്കുമെന്ന് നായിഡു വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ, നിതീഷ് കുമാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.