സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപിയും ഇന്ത്യ മുന്നണിയും

Share

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപിയും ഇന്ത്യ മുന്നണിയും. നിതീഷ് കുമാരിനെയും ടിഡിപി അധ്യക്ഷന്‍ ചന്ദ്ര ബാബു നായിഡുവിനേയും ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് ബിജെപി. ഇന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ നിതീഷ് കുമാര്‍ പങ്കെടുക്കും. ജെഡിഎസ് നേതാവ് എച് ഡി കുമാരസ്വാമിയോടും ദില്ലിയില്‍ എത്താന്‍ അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ട്.
അതേ സമയം മറുഭാഗത്തു ഇന്ത്യ മുന്നണിയും ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. ശരത് പവാര്‍ വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തിരുന്നു. മമത ബാനര്‍ജിയും നിതീഷ് കുമാറിനേ ഒപ്പം കൂട്ടണമെന്ന നിലപാടിലാണ്. എന്നാല്‍ ഇന്ത്യ മുന്നണി ചര്‍ച്ചകള്‍ക്ക് മുന്നേ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കാനാണ് ബിജെപി തീരുമാനം. ഇന്ന് കേന്ദ്ര മന്ത്രിസഭായോഗം ചേരുന്നുണ്ട്. ഇതിന് പിന്നാലെ രാഷ്ട്രപതിയെ കണ്ടേക്കും.
നിലവിൽ ഇന്ത്യാ സഖ്യം പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കുമെന്ന് ശിവസേന യുബിടി നേതാവ് ഉദ്ധവ് താക്കറെ അറിയിച്ചു. രാജ്യത്തെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കാനും ഭരണഘടനയെ രക്ഷിക്കാനുമാണ് സഖ്യം രൂപീകരിച്ചതെന്നും യോഗത്തിന് മുന്നോടിയായി ഉദ്ധവ് താക്കറെ വ്യക്തമാക്കി. മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യത്തിന് മികച്ച വിജയം നേടാൻ മോദിയുടെ സന്ദർശനം തുണയായെന്നും താക്കറെ പരിഹസിച്ചു. തെലുങ്കുദേശം പാർട്ടി നേതാവ് എൻ ചന്ദ്രബാബു നായിഡു അടക്കമുള്ള നേതാക്കളുടെ പിന്തുണ ഇന്ത്യാ സഖ്യത്തിനുണ്ടാകുമെന്നും താക്കറെ പറഞ്ഞു.