സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രവാസികൾക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തും

Share

കുവൈറ്റ് സിറ്റി: സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷാനടപടികള്‍ നേരിടുന്ന കുവൈറ്റിലെ പ്രവാസികള്‍ക്ക് താൽക്കാലിക യാത്രാ നിരോധനം ഏര്‍പ്പെടുത്തി കുവൈറ്റ് സർക്കാർ. ഇത്തരം കേസുകളില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിദേശികൾ പിഴ പൂർണമായും അടച്ചു തീര്‍ക്കുന്നതിന് മുമ്പ് രാജ്യം വിടുന്ന സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഇതു പ്രകാരം, സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ കോടതി ചുമത്തിയിട്ടുള്ള പിഴ തുകകള്‍ കൃത്യമായി അടച്ച ശേഷം മാത്രമാണ് രാജ്യം വിടുന്നതെന്ന് ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് താൽക്കാലിക യാത്രാ വിലക്ക് നടപ്പിലാക്കുന്നത്.
ഏതൊക്കെ സാഹചര്യങ്ങളിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുകയെന്ന് പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട പിഴ പൂര്‍ണ്ണമായും അടച്ച് തീര്‍ന്നാൽ പ്രവാസികൾക്കെതിരേ ഇതിൻ്റെ പേരിൽ ചുമത്തപ്പെട്ട യാത്രാ വിലക്കുകള്‍ തനിയെ നീങ്ങുമെന്നും വിലക്ക് നീക്കാൻ പ്രത്യേക നടപടിക്രമങ്ങൾ ഒന്നുമില്ലെന്നും അധികൃർ അറിയിച്ചു.