വേനലവധിയ്ക്ക് ശേഷം പുതുലോകത്തെ വരവേൽക്കാൻ വീണ്ടുമൊരു അധ്യയന വർഷം

Share

തിരുവനന്തപുരം: സംസ്ഥാനത്ത് വേനലവധിക്ക് ശേഷം സ്കൂളുകൾ തുറന്നു. മൂന്ന് ലക്ഷത്തോളം കുട്ടികൾ ആണ് ഇത്തവണ ഒന്നാം ക്ലാസിലേക്കെത്തുന്നതെന്നാണ് വിദ്യഭ്യാസ വകുപ്പിന്റെ കണക്ക്. അതേസമയം എല്ലാ കുഞ്ഞുങ്ങളെയും സ്‌കൂളുകളിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ അധ്യയന വർഷം മാറ്റങ്ങളുടേതാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഒന്ന് മുതല്‍ ഒൻപത് വരെ ഓള്‍ പാസ് എന്ന രീതി നിർത്തലാക്കുമെന്നും പത്താം ക്ലാസില്‍ എല്ലാ വിഷയത്തിനും മിനിമം മാർക്ക് വേണമെന്ന തീരുമാനവും നടപ്പാക്കുമെന്ന് മന്ത്രി വിശദീകരിച്ചു. 1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍‌ പരിഷ്കരിച്ചിട്ടുണ്ട്. നൂറിനടുത്ത് വിജയശതമാനം ഇനി ഉണ്ടാവില്ലെന്നും വിഷയങ്ങള്‍ക്ക് മിനിമം മാർക്ക് തിരികെ കൊണ്ടുവരുമെന്നും മന്ത്രി സൂചിപ്പിച്ചു.
നിലവിൽ കേരള സിലബസിനോട് താത്പര്യം കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുവരെ 2.44 ലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. കഴിഞ്ഞ വർഷത്തേക്കാള്‍ 53,421 പേരുടെ കുറവാണ് ഇത്തവണയുണ്ടായത്. മൂന്ന് വർഷത്തിനിടെ ഒരു ലക്ഷത്തിലധികം കുട്ടികളുടെ ഇടിവാണ് സർക്കാർ സ്കൂളുകളില്‍ ഉണ്ടായിരിക്കുന്നത്.