ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി ഉൾപ്പെടെ 57 ലോക്‌സഭാ സീറ്റിലും ഒഡീഷയിലെ 42 നിയമസഭാ സീറ്റിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
നിലവിൽ ഏപ്രില്‍ 19നാണ് ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്. 26ന് രണ്ടാം ഘട്ടം, മെയ് ഏഴിനാണ് മൂന്നാഘട്ടം, 13ന് നാലാം ഘട്ടം, മെയ് 20 ന് അഞ്ചാംഘട്ടം, മെയ് 25ന് ആറാം ഘട്ടം, ജൂണ്‍ 1ന് ഏഴാംഘട്ടം എന്നിങ്ങനെയാണ് വോട്ടെടുപ്പ് ക്രമീകരിച്ചത്. 97 കോടി വോട്ടർമാർക്കായി 10.5 ലക്ഷം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചത്. വോട്ടർമാരില്‍ 49.7 കോടി പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീ വോട്ടർമാരുമാണ് രാജ്യത്ത്. പോളിങ് ശതമാനം മുൻ തെരഞ്ഞെടുപ്പിനെക്കാൾ ഏറെ കുറവാണ് ഇത്തവണ. 57 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. യുപി (13), പഞ്ചാബ് (13), ബംഗാൾ (9), ബിഹാർ (8), ഒഡീഷ (6), ഹിമാചൽ (4), ജാർഖണ്ഡ് (3), ചണ്ഡിഗഡ് (1) എന്നിവിടങ്ങളിലാണ് ഇന്ന് പോളിങ്. 9 മണി വരെയുള്ള കണക്കനുസരിച്ച് 11.31 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ: ബിഹാര്‍- 10.58%, ഛണ്ഡിഗഢ്-11.64%, ഹിമാചല്‍പ്രദേശ്-14.35%, ജാര്‍ഖണ്ഡ്-12.15%, ഒഡീഷ-7.69%, പഞ്ചാബ്-9.64%, ഉത്തര്‍പ്രദേശ്-12.94%, പശ്ചിമബംഗാള്‍-12.63%.