കൊച്ചി: പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. 150 ലേറെ മത്സ്യക്കൂടുകളും പൂർണ്ണമായി നശിച്ചുപോയിട്ടുണ്ട്. സംഭവത്തെ തുടർന്ന് കോടികളുടെ നഷ്ടമാണ് മത്സ്യക്കർഷകർക്കുണ്ടായിരിക്കുന്നത്. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്. വരാപ്പുഴയിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ ചത്തത്. ഇതേതുടർന്ന് ഫിഷറീസ് വകുപ്പ് പ്രാഥമിക കണക്ക് അവതരിപ്പിച്ചു. നിലവിൽ കൊച്ചി കോർപ്പറേഷൻ മേഖലയിലേക്കും വിഷപ്പുഴ ഒഴുകിയതായാണ് ഫിഷറീസ് വകുപ്പിന്റെ റിപ്പോർട്ട്.
സ്വകാര്യവത്കരണത്തെ തുടർന്ന് കായലും, പുഴയും രാസമാലിന്യം നിറഞ്ഞ അവസ്ഥയിലാണ്. ഇത് ബാധിക്കുന്നത് ജീവജാലങ്ങൾക്കാണ്. അതേസമയം പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെചത്തു പൊങ്ങിയതിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണം ഇന്ന് തുടങ്ങും. ഒരാഴ്ചക്കകം റിപ്പോർട്ട് കൊടുക്കാനാണ് കളക്ടറുടെ നിർദേശം. ഫോർട്ട് കൊച്ചി സബ് കളക്ടർ കെ. മീര എടയർ വ്യവസായ മേഖലയിലെത്തി പരിശോധിക്കും. മലിനീകരണ നിയന്ത്രണ വകുപ്പിന്റെ കടവന്ത്രയിലെ ലാബിലാണ് പുഴയിൽ നിന്നെടുത്ത വെള്ളം പരിശോധിക്കുന്നത്. ചത്ത മീനിന്റെ സാമ്പിൾ കുഫോസിലാണ് പരിശോധിക്കുന്നത്.