റിയാദ്: എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മത്സ്യവിഭവങ്ങള്‍ വന്‍ തോതില്‍ വ്യാപാരം നടത്തുന്ന സംഘത്തിലെ 13 പേരെ സൗദി പോലീസ് പിടികൂടി. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന പ്രവാസികളാണ് വാണിജ്യ വഞ്ചന വിരുദ്ധ നിയമ പ്രകാരം അറസ്റ്റിലായതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മത്സ്യ വിഭവങ്ങള്‍ വില്‍പ്പന നടത്താനായി ഇവര്‍ ഒരു വലിയ സ്ഥാപനം തന്നെ നടത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് മന്ത്രാലയത്തിലെയും മറ്റ് ഏജന്‍സികളിലെയും പരിശോധനാ സംഘങ്ങള്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്.
വിവിധ ഇനം മത്സ്യങ്ങള്‍, ചെമ്മീന്‍, ഞണ്ടുകള്‍ തുടങ്ങി 264 ടണ്‍ സമുദ്രവിഭവങ്ങളാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. ഇറക്കുമതി ചെയ്യുന്ന മത്സ്യം, ചെമ്മീന്‍ ഉല്‍പ്പന്നങ്ങളുടെ എക്‌സ്പയറി തീയതിയില്‍ കൃത്രിമം കാണിക്കുകയും പുതിയ തീയതി അടങ്ങിയ ലേബല്‍ അടങ്ങിയ പുതിയ പായ്ക്കറ്റുകളില്‍ വീണ്ടും പാക്ക് ചെയ്യുകയും ചെയ്താണ് ഇവ വില്‍പ്പന നടത്തിയത്.
അതേസമയം അറസ്റ്റിലായ പ്രവാസികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല. വാണിജ്യ വഞ്ചന വിരുദ്ധ നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന് പരിശോധനകള്‍ വ്യാപിപ്പിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിക്കപ്പെട്ട 13 അനധികൃത താമസക്കാര്‍ക്കെതിരേ മൂന്ന് വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ചുമത്താന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇവരെ നാടുകടത്തുകയും പ്രാദേശിക മാധ്യമങ്ങളില്‍ സ്വന്തം ചെലവില്‍ കുറ്റവാളികളുടെ പേരുകള്‍ പരസ്യപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യും. ഇവര്‍ക്ക് ഭാവിയില്‍ തൊഴില്‍ വിസയില്‍ രാജ്യത്തേക്ക് മടങ്ങുന്നതിന് നിരോധനം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.