മസ്‌ക്കറ്റ്: രാജ്യത്തുള്ള പ്രവാസികള്‍ക്ക് ഒമാനി പൗരത്വം നല്‍കിയുള്ള ഉത്തരവ് പുറപ്പെടുവിച്ച് സുല്‍ത്താന്‍ താരിക് ബിന്‍ ഹൈത്തം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 250ലേറെ പ്രവാസികൾക്കാണ് പൗരത്വം നൽകിയത്. 2024 ലെ 26-ാം നമ്പര്‍ ഉത്തരവ് പ്രകാരം 257 പ്രവാസികള്‍ക്ക് രാജ്യത്തിന്റെ പൗരത്വം നല്‍കി സുല്‍ത്താന്‍ ആദരിച്ചു.
പുതുതായി പൗരത്വം ലഭിച്ചവര്‍ക്ക് ആദ്യത്തെ 10 വര്‍ഷങ്ങളില്‍ ചില നിയന്ത്രണങ്ങളുണ്ടാവുമെന്നാണ് \ അറിയിപ്പ്. നിലവിൽ ഒമാനി പൗരത്വം ആഗ്രഹിക്കുന്ന പ്രവാസികള്‍ ഒമാന്‍ ആഭ്യന്തര മന്ത്രാലയത്തിലാണ് അപേക്ഷ നല്‍കേണ്ടത്. അതിന് 600 ഒമാനി റിയാൽ ഫീസായി നല്‍കേണ്ടതുണ്ട്. ഒമാനി പൗരന്മാരുടെ ജീവിതപങ്കാളികള്‍ക്കും മുന്‍ പങ്കാളികള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച് 300 റിയാല്‍ ഫീസ് മതിയാവും. അപേക്ഷകര്‍ ഒമാനില്‍ താമസിക്കുന്നവരും ജോലി ചെയ്യുന്നവരും നിയമപരമായ കേസുകളില്‍ ഏര്‍പ്പെട്ടിട്ടില്ലാത്തവരും, നല്ല ആരോഗ്യമുള്ളവരായിരിക്കണമെന്ന നിബന്ധനയുമുണ്ട്. കൂടാതെ സാംക്രമിക രോഗങ്ങളൊന്നും ഇല്ലെന്ന് കാണിക്കുന്ന ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നല്‍കണം. ഇത് പൗരത്വ അപേക്ഷാ പ്രക്രിയയിലെ നിര്‍ണായക ഘടകമാണെന്ന് അധികൃതര്‍ അറിയിച്ചു.
വിസയുള്ളതും കാലാവധിയുള്ളതുമായ പാസ്പോര്‍ട്ട്, വ്യക്തിഗത തിരിച്ചറിയല്‍ കാര്‍ഡ്, സാധുവായ ഒരു റസിഡന്‍സി കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍), ഇണയുടെ പാസ്പോര്‍ട്ടിന്റെയും കുട്ടികളുടെയും രേഖകളുടെയും പകര്‍പ്പുകള്‍, ഒമാനി അധികൃതരില്‍ നിന്നും മാതൃ രാജ്യത്തു നിന്നുമുള്ള നല്ല പെരുമാറ്റ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയാണ് ആവശ്യമായ മറ്റ് പ്രധാന രേഖകള്‍.
പ്രവാസികള്‍ക്ക് ഒമാനി പൗരത്വം നല്‍കി സുൽത്താൻ; ഇവർക്ക് അപേക്ഷിക്കാം
