തായ്‌വാനിൽ 7.4 തീവ്രതയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് നൽകി

Share

തായ്‌വാൻ: തായ്‌വാനിൽ ശക്തമായ ഭൂചലനം അനുഭവപെട്ടു. ബുധനാഴ്ച രാവിലെ പ്രാദേശിക സമയം എട്ടുമണിയോടെ തലസ്ഥാനമായ തായ്പേയിലാണ് സംഭവം. റിക്ട‍ർ സ്കെയിലിൽ 7.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. 25 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ പ്രകമ്പനാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഭൂചലനത്തിൻ്റെ പശ്ചാത്തലത്തിൽ തായ്‌വാനിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, ജപ്പാൻ്റെ തെക്കൻ മേഖലയിലും ഫിലിപ്പീൻസിലും സുനാമി മുന്നറിയിപ്പുണ്ട്.
തായ്‌വാനിലെ ഹുവാലിയൻ സിറ്റിയിൽനിന്ന് 18 കിലോമീറ്റർ തെക്ക്, 34.8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സ‍ർവേ അറിയിച്ചു. ശക്തമായ ഭൂചലനത്തിൽ കെട്ടിടങ്ങൾ തക‍ർന്നുവീണു. അതേസമയം നാശനഷ്ടം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. രാജ്യം മുഴുവൻ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തത്. തെക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന പിങ്തുങ് കൗണ്ടി മുതൽ വടക്ക് തായ്പേയിൽ വരെ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ തലസ്ഥാനമായ തായ്പേ സിറ്റിയിൽ മെട്രോ സർവീസുകൾ താത്ക്കാലികമായി നിർത്തിവെച്ചു. ഒരു മണിക്കൂറിനു ശേഷം സ‍ർവീസുകൾ പുനരാരംഭിച്ചു. വാതക ചോർച്ച ഉണ്ടായോയെന്ന് പരിശോധിക്കാൻ പ്രാദേശിക ഭരണകൂടം ജനങ്ങൾക്ക് നിർദേശം നൽകി.