മലപ്പുറത്ത് രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

Share

മലപ്പുറം കാളികാവ് ഉദിരംപൊയിൽ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കുട്ടി മരിച്ചത് അതി ക്രൂരമർദ്ദനത്തെ തുടർന്നാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതോടെയാണ് പിതാവ് ഫായിസിനെതിരെ അറസ്റ്റ് രേഖപെടുത്തിയത്. ഇയാൾക്കെതിരെ കാളികാവ് പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
കുട്ടിയുടെ തലയിലും നെഞ്ചിലും ഏറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലയില്‍ രക്തം കട്ട പിടിച്ചിക്കുകയും, തലച്ചോര്‍ ഇളകിയ നിലയില്‍ ആയിരുന്നു. വാരിയെല്ലും പൊട്ടിയിട്ടുണ്ട്. മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ എറിഞ്ഞും പരിക്കേല്‍പ്പിച്ചതായി വ്യക്തമാണ്. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞ് മരിച്ചതിന് ശേഷമാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചതാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ സംശയം തോന്നിയതോടെ പോസ്റ്മോർട്ടം ചെയ്തപ്പോഴാണ് ക്രൂരമായ മർദ്ദനമാണ് മരണത്തിന് കാരണമായതെന്ന് വ്യക്തമായത്.
അതേസമയം കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുകയാണ് ബന്ധുക്കള്‍. കുട്ടിയുടെ അമ്മ ഷഹാനത്തിനെയും ഭർത്താവ് മുഹമ്മദ്‌ ഫായിസ് ക്രൂരമായി മർദിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതിനെതിരെ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല എന്നും, പരാതിയുമായി ചെന്നപ്പോള്‍ സ്റ്റേഷനില്‍നിന്ന് ആട്ടിയിറക്കുകയാണ് ചെയ്തതെന്നു കുടുംബം ആരോപിക്കുന്നുണ്ട്. ഭാര്യയും ഭർത്താവും തമ്മില്‍ പ്രശ്നങ്ങളുണ്ടാകുമെന്നാണ് പൊലീസ് പറഞ്ഞത്. ആ സമയത്തുതന്നെ പൊലീസ് നടപടി എടുത്തിരുന്നെങ്കില്‍ കുട്ടിയെ നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ലെന്ന് മാതാവിന്‍റെ സഹോദരി റെയ്ഹാനത്ത് പറഞ്ഞു.