ഇന്ത്യയുടെ വാണിജ്യ എയര്‍ലൈൻ ആകാശ എയർ കൂടുതൽ സർവീസ് നടത്തും

Share

ദോഹ: ഇന്ത്യയുടെ ഏറ്റവും പുതിയ വാണിജ്യ എയര്‍ലൈനായ ആകാശ എയറിന് സൗദി അറേബ്യയിലെ ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കും കുവൈറ്റിലേക്കും സര്‍വീസിന് അനുമതി. നിലവിൽ മിഡില്‍ ഈസ്റ്റ് സെക്ടറില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അടുത്തയാഴ്ച മുതല്‍ ദോഹയിലേക്ക് സര്‍വീസ് നടത്തുമെന്ന് നേരത്തേ കമ്പനി പ്രഖ്യാപിച്ചിരുന്നു. ജിദ്ദ, റിയാദ്, കുവൈറ്റ് തുടങ്ങിയ മിഡില്‍ ഈസ്റ്റിലെ ചില ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇതിനകം തന്നെ ട്രാഫിക് അവകാശം നേടിയതായി ആകാശ എയറിന്റെ സ്ഥാപകനും സിഇഒയുമായ വിനയ് ദുബെ പറഞ്ഞു. മേഖലയിലെ കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് അവകാശം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച് 19 മാസം എന്ന റെക്കോഡ് സമയത്തിനുള്ളില്‍ അന്താരാഷ്ട്ര സര്‍വീസ് അനുമതി ലഭിച്ച സ്വകാര്യ വിമാന കമ്പനിയാണ് ആകാശ എയര്‍. ഏതാനും കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കൂടി സര്‍വീസ് നടത്താന്‍ കമ്പനിക്ക് താല്‍പര്യമുണ്ട്. ഇതിനായി നീക്കങ്ങള്‍ നടത്തിവരികയാണെന്നും വിനയ് ദുബെ വ്യക്തമാക്കി.