ദുബൈ: എമിറേറ്റിലെ റോഡപകടങ്ങളിൽ അതിവേഗം രക്ഷാപ്രവർത്തനം നടത്താനായി രൂപവത്കരിച്ച ട്രാഫിക് ഇൻസിഡന്റ് മാനേജ്മെന്റ് യൂനിറ്റ് (ടി.ഐ.എം.യു) പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി. ഈ വർഷം അവസാനത്തോടെ റാസൽ ഖോർ സ്ട്രീറ്റ്, ഉമ്മു സുഖൈം സ്ട്രീറ്റ്, എക്സ്പോ റോഡ്, ഹെസ്സ സ്ട്രീറ്റ് എന്നീ നാലു മേഖലകളിലേക്ക് കൂടിയാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. ഇതോടെ പദ്ധതിയുടെ പരിധിയിൽ വരുന്ന തെരുവുകളുടെയും റോഡുകളുടെയും എണ്ണം 13 ൽനിന്ന് 17 ആകും. 951 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നതാണ് പദ്ധതി. അപകടസ്ഥലങ്ങളിൽ രക്ഷാപ്രവർത്തകർ എത്തിച്ചേരാൻ എടുക്കുന്ന സമയം എട്ടു മിനിറ്റായി കുറക്കാൻ ലക്ഷ്യമിട്ടാണ് ടി.ഐ.എം.യു പദ്ധതി ആർ.ടി.എ നടപ്പാക്കിയത്. ഇതുവഴി അത്യാഹിതങ്ങളുടെ വ്യാപ്തി കുറക്കാനാവും. അതോടൊപ്പം ദുബൈ പൊലീസുമായി സഹകരിച്ച് അപകടവേളയിൽ പൊലീസ് പ്രതികരിക്കാനെടുക്കുന്ന സമയം ആറു മിനിറ്റായി കുറക്കുകയും ചെയ്യും. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തകർക്ക് വേഗത്തിൽ എത്തിപ്പെടാനായി അപകട സാധ്യതയുള്ള റോഡുകളിലും പ്രധാന ഹൈവേകളിലും രക്ഷാപ്രവർത്തകരുടെ വാഹനങ്ങൾ നിർത്തുന്നതിന് പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ചു. അപകടസ്ഥലങ്ങളിലെ പ്രതികരണ സമയം 10 മിനിറ്റായി കുറക്കുകയും 15 മിനിറ്റിനുള്ളിൽ ഗതാഗതം പുനഃസ്ഥാപിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.