ഷാർജ: എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് ലീസിങ് ഇടപാടുകൾ നിയന്ത്രിക്കുന്ന കരട് നിയമത്തിന് അംഗീകാരം നൽകി. കൗൺസിലിന്റെ ആദ്യ റെഗുലർ സെഷന്റെ ആറാമത്തെ യോഗത്തിൽ കരട് നിയമത്തിൽ നിരവധി ഭേദഗതികൾ അവതരിപ്പിച്ചതിനുശേഷമാണ് ഷാർജ കൺസൽട്ടേറ്റിവ് കൗൺസിൽ അംഗീകാരം നൽകിയത്. നിലവിൽ റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് നേരത്തേ എമിറേറ്റിൽ വന്ന നിയമം 17 വർഷം പഴക്കമുള്ളതാണെന്നും പുതിയ സാഹചര്യത്തിൽ ഇതിൽ മാറ്റംവരുത്തി പുതുക്കേണ്ടത് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ കരട് നിയമം. എസ്റ്റേറ്റ് ലീസിങ് സംബന്ധിച്ച കരട് നിയമം എമിറേറ്റിലെ ടൂറിസം, നിക്ഷേപം, പാർപ്പിട ആകർഷണം എന്നിവ വർധിപ്പിക്കുന്ന ചട്ടങ്ങൾ അടങ്ങിയതാണ്. കരട് നിയമത്തിലെ പദപ്രയോഗങ്ങൾ സമൂഹത്തിന്റെ ജീവിത സാഹചര്യത്തെ സ്പർശിക്കുന്നതായും ഷാർജ എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ വികസനത്തിനും ആവശ്യത്തിനും അനുസരിച്ചുള്ളതാണ്. റിയൽ എസ്റ്റേറ്റ് വസ്തുക്കളുടെ വിൽപനയും വാങ്ങലുമടക്കം എല്ലാ ഇടപാടുകളെയും നിയന്ത്രിക്കുന്ന ശക്തമായ നിയമമാണ് നിലവിൽ രൂപപ്പെടുത്തിയിരിക്കുന്നത്.