വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല കോളജ് വിദ്യാർഥി സിദ്ധാർഥനെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ നാലു വിദ്യാർത്ഥികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സൗദി റിസാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺ എന്നിവർക്കാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 18 പേരെയാണ് പ്രാഥമികമായി കേസിൽ പ്രതി ചേർത്തിട്ടുള്ളത്. നിലവിൽ ഏഴു പേരാണ് കേസിൽ ഇപ്പോഴും ഒളിവിൽ കഴിയുന്നത്. പ്രതിചേർത്ത 18 പേരെയും കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഇന്നലെ നാലു എസ്.എഫ്.ഐ പ്രവർത്തകരെ പോലീസ് പിടികൂടിയിരുന്നു. ഇതോടെ കേസിൽ 11 പേരാണ് പിടിയിലായത്. പൂക്കോട് സർവകലാശാല കോളജ് യൂനിയൻ പ്രസിഡന്റ് മാനന്തവാടി കണിയാരം കേളോത്ത് വീട്ടിൽ അരുൺ, എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി മാനന്തവാടി ക്ലബ് കുന്നിൽ ഏരി വീട്ടിൽ അമൽ ഇഹ്സാൻ, കോളജ് യൂനിയൻ അംഗം തിരുവനന്തപുരം വർക്കല ആസിഫ് മൻസിലിൽ എൻ. ആസിഫ് ഖാൻ, അമീൻ അക്ബർ അലി എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ബി.വി.എസ്.സി രണ്ടാംവര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ ഫെബ്രുവരി 18നാണ് വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആൾക്കൂട്ട വിചാരണക്കും മർദനത്തിനും ഇരയായാണ് സിദ്ധാർഥന് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. സിദ്ധാർഥനെ ആക്രമിച്ച വിദ്യാർഥികൾക്ക് മൂന്നു വർഷം പഠന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.