കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അനധികൃതമായി കടത്താൻ ശ്രമിച്ച മദ്യവേട്ട പിടികൂടി. 10 ലക്ഷം കുവൈറ്റ് ദിനാര്‍ (27,01,26,260 രൂപ) വിലമതിക്കുന്ന 13,422 കുപ്പി മദ്യമാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ഫര്‍ണിച്ചര്‍ കണ്ടെയ്നറുകളിലാണ് മദ്യ കുപ്പികള്‍ ഒളിപ്പിച്ചിരുന്നത്. ഏഷ്യന്‍ രാജ്യത്തുനിന്നുള്ള ഫര്‍ണിച്ചര്‍ കണ്ടെയ്നറാണിത്. വര്‍ഷാരംഭത്തിനു ശേഷം രാജ്യത്ത് ഇറക്കുമതിക്കിടെ പിടിക്കപ്പെടുന്ന ഏറ്റവും വലിയ മദ്യശേഖരമാണിതെന്നാണ് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയത്. കുവൈറ്റിലെ അല്‍ ഷുവൈഖ് തുറമുഖത്ത് പിടിച്ചെടുത്ത മദ്യ കുപ്പികളുടെ വൈവിധ്യമാര്‍ന്ന ശേഖരം പ്രദര്‍ശിപ്പിക്കുന്ന വീഡിയോ മന്ത്രാലയം പുറത്തുവിട്ടിരുന്നു. കള്ളക്കടത്ത് ഓപ്പറേഷനില്‍ ഉള്‍പ്പെട്ട മൂന്ന് വ്യക്തികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിപാനീയങ്ങള്‍ തുടര്‍നിയമനടപടികളുടെ ഭാഗമായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.