ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുരക്ഷ ഉറപ്പാക്കാൻ അമേരിക്കൻ ഭരണകൂടം

Share

വാഷിങ്ടണ്‍: ഇന്ത്യൻ വിദ്യാർഥികള്‍ക്കും ഇന്തോ-അമേരിക്കൻ വിദ്യാർഥികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ തടയാൻ അമേരിക്കൻ ഭരണകൂടം തെയ്യാറെടുക്കുന്നു. നിലവിൽ വംശീയമോ മതപരമോ തുടങ്ങിയ മറ്റേതെങ്കിലും ഘടകങ്ങളോ അടിസ്ഥാനമാക്കിയുള്ള അക്രമത്തിന് ന്യായീകരണമുണ്ടാവില്ല. അത്തരത്തിലുള്ള ആക്രമണങ്ങളെ തടയാൻ സംസ്ഥാന, പ്രാദേശിക അധികാരികളുമായി ചേർന്ന് കഠിനമായി പരിശ്രമിക്കുകയാണ് യു.എസ് പ്രസിഡന്‍റ് ജോ ബൈഡനും ഭരണകൂടവും എന്ന് വൈറ്റ് ഹൈസ് പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യക്കാരും ഇന്ത്യൻ വംശജരുമായ വിദ്യാർത്ഥികള്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടന്ന പശ്ചാത്തലത്തിലാണ് പ്രസ്താവന. ഏതാനും ആഴ്ചകള്‍ക്കിടെ നാല് ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികളാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ജനുവരിയില്‍ ജോർജിയയില്‍ ഡിപാർട്മെന്‍റ് സ്റ്റോറില്‍ പാർട് ടൈം ജോലി ചെയ്യുകയായിരുന്ന വിവേക് സൈനി എന്ന വിദ്യാർഥി ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.ഇന്ത്യാന വെസ്ലെയൻ യൂനിവേഴ്സിറ്റിയിലെ സയ്യിദ് മസാഹിർ അലി എന്ന വിദ്യാർഥി ക്രൂരമായി ആക്രമിക്കപ്പെട്ടത് ഈ മാസമാണ്. യു.എസില്‍ വിദ്യാഭ്യാസം തേടുന്നവർക്ക് മെച്ചപ്പെട്ട സുരക്ഷാ നടപടികള്‍ ഏർപ്പെടുത്തേണ്ടതിന്‍റെ അടിയന്തിര ആവശ്യകതയാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റി നേതാവ് അജയ് ജെയിൻ ഭൂട്ടോറിയ പറഞ്ഞു. വിവിധ കോളേജ് അധികൃതരും ലോക്കല്‍ പൊലീസും പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.