കുവൈറ്റ് സിറ്റി: യഥാസമയം ലൈസന്‍സ് പുതുക്കാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കും കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന നിർദ്ദേശമുണ്ട്.
അതേസമയം ലൈസന്‍സ് ഇല്ലാതെ പിടിക്കപ്പെട്ടാൽ കനത്ത പിഴയും, ശിക്ഷാനടപടി സ്വീകരിക്കേണ്ടി വരും. മാത്രമല്ല കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിച്ചാലും വിദേശികൾക്ക് പിഴ ശിക്ഷയ്ക്ക് ശേഷം നാടുകടത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
‘മൈ ഐഡന്റിറ്റി’ അല്ലെങ്കില്‍ ‘സഹേല്‍’ എന്ന സര്‍ക്കാര്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി പ്രവാസികള്‍ക്ക് അവരുടെ ഡ്രൈവിങ് ലൈസന്‍സിന്റെ സാധുത പരിശോധിക്കാവുന്നതാണ്. എല്ലാ പ്രവാസികള്‍ക്കും ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതിനെ കുറിച്ച് അറിയണമെന്നില്ല. കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉണ്ടെന്നു കരുതി നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള ശിക്ഷകളില്‍ നിന്ന് അവരെ ഒഴിവാക്കില്ലെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.