ദുബൈ: യു.എ.ഇയിൽ മനോരോഗികളെ ചികിത്സിക്കുന്നതിനും, പരിചരിക്കുന്നതിനും നിയോഗിക്കപ്പെട്ടവരിൽനിന്ന് രോഗിക്ക് ഗുരുതരമായ പരിക്കോ ശാരീരികവൈകല്യമോ സംഭവിച്ചാൽ കർശന നടപടി ഉണ്ടാകും. മാനസികാരോഗ്യത്തെക്കുറിച്ച് 2023ൽ അവതരിപ്പിച്ച ഫെഡറൽ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ പുതിയ നിയമം മേയ് 30ന് നിയമം പ്രാബല്യത്തിൽ വരുമെന്നാണ് അറിയിപ്പ്.
അതേസമയം മനോരോഗികളോട് മോശമായ പെരുമാറ്റമോ അശ്രദ്ധയോ ഉണ്ടായാൽ രണ്ടു ലക്ഷം ദിർഹം വരെ പിഴയും കുറഞ്ഞത് ഒരു വർഷത്തെ തടവും ലഭിക്കുന്നതാണ്. മനോരോഗികളെ പരിചരിക്കുന്നയാളിൽനിന്ന് മനപ്പൂർവമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാലും ഒരു വർഷം തടവും പരമാവധി ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കും. കൂടാതെ പരിചരിക്കുന്നവരുടെ അശ്രദ്ധമൂലം രോഗിക്ക് ഗുരുതര പരിക്കേൽക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ ഒരു വർഷം തടവോ ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയിൽ പിഴയും കുറ്റകൃത്യം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുന്നതുമാണ്.