കുവൈത്ത് സിറ്റി: ഇ-സിഗരറ്റിനെതിരെ കർശന നിയമം കൊണ്ടുവരണമെന്ന് പുകവലിയും അർബുദവും തടയാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കൂട്ടായ്മ ആവശ്യപ്പെട്ടു. ‘പുകയിലയും ഇലക്ട്രോണിക് പുകവലിയും: അപകടങ്ങളും ദോഷങ്ങളും’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പ്രഭാഷണത്തിനിടെ ഡോ. ഖാലിദ് അൽ സലേഹാണ് ആവശ്യം ഉന്നയിച്ചത്. വർധിച്ച മരണനിരക്കിലേക്ക് നയിക്കുന്ന ആഗോള വെല്ലുവിളിയാണ് പുകവലി. പുകവലിയുമായി ബന്ധപ്പെട്ട അസുഖങ്ങളാൽ പ്രതിവർഷം ഏകദേശം എട്ടു ദശലക്ഷം അകാലമരണങ്ങളാണ് സംഭവിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കുവൈത്തിലെ 17നും 30നും ഇടയിൽ പ്രായമുള്ളവരാണ് പുകവലി ആരംഭിക്കുന്നത്. പുകവലിയുടെ വ്യാപനനിരക്ക് പുരുഷന്മാരിൽ 39.2 ശതമാനവും സ്ത്രീകളിൽ 3.3 ശതമാനവുമാണെന്നും, പുകവലിയും ശ്വാസകോശ അർബുദവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഇലക്ട്രോണിക് പുകവലി സുരക്ഷിതമാണെന്നത് തെറ്റിദ്ധാരണയാണ്. ഇലക്ട്രോണിക് സ്മോക്കിങ് ഉപകരണങ്ങളിൽ വ്യത്യസ്ത അളവിലുള്ള നിക്കോട്ടിൻ അടങ്ങിയിട്ടുള്ളതിനാൽ കൂടുതൽ ആരോഗ്യ പ്രശ്നനങ്ങൾ വർധിക്കുമെന്നും, പുകവലി നിർത്തുന്നതുമായി ബന്ധപ്പെട്ട് കർശന നിയമം തന്നെ കൊണ്ടുവരണമെന്നും ഡോ. ഖാലിദ് അൽ സലേഹ് കൂട്ടിച്ചേർത്തു.