ഷാർജ: വർണകാഴ്ച്ചയൊരുക്കുന്ന ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ 13ാം എഡിഷന് ഇന്ന് തുടക്കം. എല്ലാവർഷവും അരങ്ങേറുന്ന ലൈറ്റ് ഫെസ്റ്റിവൽ ഇന്ന് ആരംഭിച്ച് ഈ മാസം 18 വരെ അരങ്ങേറും. ആഗോള പ്രശസ്തരായ കാലാകാരന്മാരാണ് ലൈറ്റ് ഫെസ്റ്റിവൽ രൂപകൽപന ചെയ്തിരിക്കുന്നത്. ഷാർജയുടെ സാംസ്കാരികപൈതൃകം വിളിച്ചോതുന്ന രീതിയിലും, പ്രകൃതിദത്തമായ കെട്ടിടങ്ങളും സംവിധാനങ്ങളും അടങ്ങിയിട്ടുള്ള ഈ ഫെസ്റ്റിവൽ ദിനങ്ങൾ മിന്നിത്തിളങ്ങുന്ന കാഴ്ചയാണ് സന്ദർശകർക്ക് ഒരുക്കിയിട്ടുള്ളത്.
ഇത്തവണ എമിറേറ്റിലെ 12 സ്ഥലങ്ങളിലായി 12 ദിവസങ്ങളിൽ ലൈറ്റ് ഷോകൾ അരങ്ങേറും. വൈകീട്ട് ആറുമുതൽ രാത്രി 11 വരെയാണ് ഷോകൾ ആസ്വദിക്കാനാകുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ അർധരാത്രിവരെ ഷോകളുണ്ടാകും. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഷാർജ പൊലീസ്, ജനറൽ സൂഖ് – അൽ ഹംരിയ, കൽബ വാട്ടർഫ്രണ്ട് എന്നിവയാണ് ഈ വർഷം പുതുതായി മേളയിൽ ചേർത്ത മൂന്ന് ലൊക്കേഷനുകൾ. ഖാലിദ് ലഗൂൺ, അൽമജാസ് വാട്ടർ ഫ്രണ്ട്, ബീഅ ഗ്രൂപ് ഹെഡ്ക്വാർട്ടേഴ്സ്, അൽ ദൈദ് കോട്ട, ഷാർജ മോസ്ക്, ശൈഖ് റാശിദ് അൽ ഖാസിമി മസ്ജിദ്, അൽനൂർ മസ്ജിദ്, അൽ റാഫിസ ഡാം എന്നിവയാണ് ഷോ അരങ്ങേറുന്ന മറ്റു സ്ഥലങ്ങൾ. അതോടൊപ്പം ഷാർജയിലെ യൂനിവേഴ്സിറ്റി സിറ്റി ഹാൾ കെട്ടിടത്തിനു മുന്നിൽ സ്ഥിതിചെയ്യുന്ന ലൈറ്റ് വില്ലേജിൽ 55ലധികം ദേശീയ പദ്ധതികളുടെ ഷോകൾ ഫെബ്രുവരി ഒന്നു മുതൽ ആരംഭിക്കുകയും ചെയ്യും. ഷാർജ വാണിജ്യ, വിനോദ സഞ്ചാര വികസന വകുപ്പാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.