കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ സഹല്‍ ആപ്പില്‍ പുതിയ സേവനങ്ങള്‍ അവതരിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. കുവൈത്തി പൗരന്മാര്ക്ക് എൻട്രി, എക്സിറ്റ് പെര്‍മിറ്റ് സേവനവും പ്രവാസികള്‍ക്ക് സാമ്പത്തിക ബാധ്യത അറിയാനുള്ള സേവനവുമാണ് പുതിയതായി അവതരിപ്പിച്ചത്. നിലവിൽ രാജ്യത്തിന് പുറത്തേക്ക് പോകുന്ന പ്രവാസികള്‍ക്ക് കട ബാധ്യതകള്‍ പരിശോധിക്കാന്‍ കഴിയുന്ന രീതിയിലാണ് പുതിയ സേവനം ഉൾപ്പെടുത്തിയിരിക്കുന്നത്.
ട്രാഫിക് വകുപ്പിന്റെ സേവനങ്ങള്‍ പൂര്‍ണമായി ഓണ്‍ലൈനായി മാറുന്നതിന്റെ ഭാഗമായാണ് സഹൽ ആപ്പ് വഴി പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയത്. സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുകയെന്ന ലക്ഷ്യത്തോടെ 2021 സെപ്റ്റംബർ 15നാണ് സഹല്‍ ആപ്ലിക്കേഷൻ ആരംഭിച്ചത്. വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റവും രജിസ്ട്രേഷൻ പുതുക്കല്‍ സേവനവും ഈ ആപ്പ് വഴി ലഭ്യമാണ്. മാത്രമല്ല വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറാനും ഇൻഷുറൻസ് പുതുക്കാനും എളുപ്പത്തിൽ സാധിക്കുന്നതാണ്. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മുന്നൂറോളം ഇലക്ട്രോണിക് സേവനങ്ങളാണ് സഹല്‍ ആപ് വഴി ലഭ്യമായിട്ടുള്ളത്.