മാത്യു കുഴല്‍നാടന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് റവന്യൂ വകുപ്പ് ശരിവെച്ചു

Share

കൊച്ചി: മാത്യു കുഴല്‍നാടന്‍ സര്‍ക്കാര്‍ ഭൂമിയായ 50 സെന്റ് കൈയേറിയ സംഭവത്തില്‍ വിജിലന്‍സ് കണ്ടെത്തല്‍ ശരിവെച്ച് റവന്യൂ വകുപ്പ്. 2008ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട ഭൂമിയാണ് ചിന്നക്കനാലിൽ മാത്യു കുഴൽനാടന്റെ കൈവശമുള്ളതെന്ന ഗുരുതര കണ്ടെത്തലുകളാണ് വിജിലൻസ് പുറത്തുവിട്ടിരിക്കുന്നത്. മാത്യു കുഴല്‍നാടന്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്നും മാത്യുവിന്റെ കൈവശം പട്ടയത്തില്‍ ഉള്ളതിനേക്കാള്‍ 50 സെന്റ് ഭൂമി അധികം ഉണ്ടെന്നുമാണ് റിപ്പോർട്ട്. ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസീദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
ഭൂമി വിൽപ്പന നടത്തരുതെന്ന് 2020ൽ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നുവെന്നും പോക്കുവരവ് ചെയ്തതിൽ ക്രമക്കേടുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ഭൂമി മറ്റൊരാൾക്ക് വിറ്റ ശേഷമാണ് കുഴൽനാടൻ വാങ്ങിയത്. മിച്ചഭൂമിയാണെന്ന് അറിഞ്ഞുകൊണ്ടാണോ കുഴൽനാടൻ വാങ്ങിയത് എന്നതിന് തെളിവില്ല. മിച്ചഭൂമി ആണെന്ന കാര്യം മറച്ചു വെച്ചാണ് രജിസ്ട്രേഷൻ നടന്നതെന്നും വിജിലൻൻസ് വ്യക്തമാക്കി. ബെനാമി ഇടപാടിലൂടെ ആറു കോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഢംബര റിസോർട്ടും കുഴൽനാടൻ സ്വന്തമാക്കിയെന്ന സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ മാത്യു കുഴൽനാടനോട് ഹാജരാകൻ വിജിലൻസ് ആവശ്യപ്പെട്ടിരുന്നു. മുട്ടം വിജിലൻസ് ഓഫീസിൽ ഹാജരായാണ് കുഴൽനാടൻ മൊഴി നൽകിയത്.
2023 സെപ്തംബറിലാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. ചിന്നക്കനാലിലെ ഒരേക്കര്‍ പതിനൊന്നര സെന്റ് സ്ഥലമിടപാടിലാണ് അന്വേഷണം. സ്ഥലം വില്‍പ്പന നടത്തിയതിലെ ക്രമക്കേട് അന്വേഷിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. വിവാദങ്ങള്‍ക്കിടയിലും മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടിന് ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നു.