ക്ഷീരകർഷകരായ യുവാക്കൾക്ക് സഹായവുമായി സിനിമാലോകം

Share

തൊടുപുഴ: ഇടുക്കി വെള്ളിയാമറ്റത്ത് വിഷബാധയേറ്റ് 13 കന്നുകാലികൾ നഷ്ടപെട്ട ക്ഷീരകർഷകരായ യുവാക്കൾക്ക് സഹായവുമായി സിനിമാലോകം. മലയാള സിനിമാതാരങ്ങളായ ജയറാം, പൃഥ്വിരാജ്, മമ്മൂട്ടി തുടങ്ങിയവരാണ് യുവകർഷകർക്ക് സഹായം നല്കാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ നടൻ ജയറാം കുട്ടികളുടെ വീട്ടിലെത്തി കുട്ടികൾക്കായി അഞ്ച് ലക്ഷം രൂപ കൈമാറിയിരിന്നു. യുവകർഷകർക്ക് മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകാമെന്ന് വാഗ്ദാനം ചെയ്തതായും ജയറാം വ്യക്തമാക്കി. പ്രത്യേക മെസഞ്ചർ മുഖേന ഇരുവരും ഇന്ന് വൈകിട്ട് കുട്ടികൾക്ക് പണം കൈമാറുമെന്നാണ് റിപ്പോർട്ട്.
അതേസമയം മന്ത്രിമാരായ ജെ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും കുട്ടികളുടെ വീട്ടിലെത്തി. ഇൻഷുറൻസ് പരിരക്ഷയോടെ അഞ്ചു പശുക്കളെ നൽകുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചു. ഒരു മാസത്തെ കാലിത്തീറ്റയും സൗജന്യമായി നൽകും. കൂടുതൽ സാമ്പത്തിക സഹായം നൽകുന്നത് സംബന്ധിച്ച ആവശ്യം മന്ത്രിസഭാ യോഗത്തിൽ ഉന്നയിക്കുമെന്നും മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി. അടിയന്തര സഹായമായി മിൽമ 45,000 രൂപ നൽകും.
2022 ലെ മികച്ച കുട്ടി ക്ഷീരകർഷകനുള്ള അവാർഡ് ലഭിച്ച മാത്യുവിന്റെയും സഹോദരൻ ജോർജിന്റെയും 13 പശുക്കളാണ് ഇന്നലെ കൂട്ടത്തോടെ ചത്തുവീണത്. ഇവയിൽ എട്ടെണ്ണം ഗർഭമുള്ളവയായിരിന്നു. 9 കന്നുകാലികളെ മറുമരുന്ന് നൽകി രക്ഷിക്കുകയും ചെയ്തിരുന്നു.