ദോഹ: ഓൺലൈൻ ഡെലിവറിക്കായി അതിവേഗത്തിൽ കുതിച്ചുപായുന്ന ബൈക്ക് യാത്രക്കാർ ഇനിയൊന്ന് ശ്രദ്ധിച്ചാൽ നന്നാവും. റോഡിലെ വലതു വശത്തെ പാതയിലൂടെ അല്ലാതെ ബൈക്ക് ഓടിച്ചാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ ജനുവരി 15 മുതൽ പിഴ ഈടാക്കുന്നതാണ്. ഗതാഗത സുരക്ഷ വർധിപ്പിക്കാനും റോഡ് അപകടങ്ങൾ കുറക്കാനുമാണ് ബൈക്ക് യാത്രക്കാർ വലതു ട്രാക്കിലൂടെ ഓടിക്കണമെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയത്. പ്രധാന റോഡുകളിൽ വേഗം കുറഞ്ഞ വാഹനങ്ങൾക്ക് പോകാനാണ് വലതു വശത്തെ പാത. ഇതുവഴി മാത്രമേ ഇനി മുതൽ യാത്ര ചെയ്യാവൂ എന്ന് മന്ത്രാലയം പുറപ്പെടുവിച്ച നിർദേശത്തിൽ വ്യക്തമാക്കുന്നു. നാലും ആറും ലൈൻ പാതകൾ അതിവേഗ വാഹനങ്ങളുടേതാണ് ബൈക്ക് യാത്രികരും സഞ്ചരിക്കുന്നത് അപകടത്തിനിടയാക്കുന്നതായി പരാതികൾ ഏറെയാണ്. ഇത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ബൈക്കുകാർക്ക് വലതു ട്രാക്ക് നിർബന്ധമാക്കിയത്. ബൈക്കുകൾ മുന്നിലുള്ള വാഹനങ്ങളെ മറികടക്കുകയോ, നിശ്ചിത വേഗപരിധി ലംഘിക്കുകയോ ചെയ്യരുത്. ഹെൽമെറ്റ് ധരിക്കുകയും ചിൻസ്ട്രാപ്പ് മുറുക്കുകയും ചെയ്യണം. ഡെലിവറി ബോക്സ് ബന്ധിപ്പിക്കണം.