ദീപാലങ്കാരത്തില്‍ തിളങ്ങാന്‍ ഒരുങ്ങി ബഹ്റൈന്‍

Share

ബഹ്റൈന്‍: ദീപാലങ്കാരത്തില്‍ തിളങ്ങാന്‍ കാത്തിരിക്കുകയാണ് ബഹ്റൈന്‍. സമൃദ്ധമായ ആഘോഷരാവോടെ ബഹ്റൈന്‍ ദേശീയ ദിനം അടുത്തുവന്നതോടെ രാജ്യം മുഴുവനും തയ്യാറെടുക്കുകയാണ് പുതിയ മാറ്റങ്ങള്‍ക്കായി. സാംസ്‌കാരിക വിനോദ പരിപാടികളും, പരമ്ബരാഗത പ്രകടനങ്ങള്‍ മുതല്‍ വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍ വരെയുള്ള ആകര്‍ഷക പരിപാടികളാണ് വരും ദിവസങ്ങളില്‍ ബഹ്റൈനില്‍ കാണാന്‍ കഴിയുക. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക പരിപാടികള്‍ ഒരുക്കുമ്പോള്‍ പ്രവാസി സംഘടനകള്‍ അടക്കമുള്ള കൂട്ടായ്മകളും, വിവിധ സ്ഥാപനങ്ങളും പ്രത്യേക ആഘോഷങ്ങളും ഒരുക്കുന്നുണ്ട്. അതേസമയം ബഹ്റൈന്‍ ദേശീയദിനം പ്രമാണിച്ച് രാജ്യത്ത് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചതായി ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ അറിയിച്ചു. ഡിസംബര്‍ 16, 17 ദിവസങ്ങളില്‍ രാജ്യത്തെ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവക്ക് അവധിയായിരിക്കുമെന്നാണ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച ഔദ്യോഗിക പൊതു അവധിയായതിനാല്‍ പകരം ഡിസംബര്‍ 18ന് അവധി നല്‍കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ മാസം 13-ന് നടക്കുന്ന ഖലീഫ ടൗണ്‍ സെലിബ്രേഷന്‍ ഘോഷയാത്രയോടെയാണ് തുടക്കമിടുന്നത്. ബഹ്റൈന്‍ പാരമ്പര്യ കലാരൂപമായ ‘അര്‍ദ’ നൃത്തവും, പ്രത്യേകം സജ്ജമാക്കിയ കൂടാരങ്ങളില്‍ കളറിങ് ,ഡ്രോയിങ് തുടങ്ങിയ പരിപാടികളും, പ്രമുഖ കലാകാരന്മാര്‍ ലൈവ് ആയി വരയ്ക്കുന്ന ചിത്രം പരിപാടിയും അരേങ്ങറും. 14 മുതല്‍ 2024 ജനുവരി 5 വരെ ബഹ്റൈന്‍ ഹാര്‍ബറില്‍ ദേശീയ ദിനാഘോഷം മുതല്‍ പുതുവത്സര ആഘോഷങ്ങള്‍ വരെയുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 16 മുതല്‍ 31 വരെ വാട്ടര്‍ ഗാര്‍ഡന്‍ സിറ്റി ഫെസ്റ്റിവല്‍ സിറ്റിയായി മാറുകയാണ്. ഇവിടെയും ദീപാലങ്കാരങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന വിനോദ പരിപാടികലും സംഘടിപ്പിക്കും.