ഗാര്‍ഹിക പീഡന കേസുകളില്‍ അകപ്പെട്ട് കുവൈത്ത്

Share

കുവൈത്ത്: ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം എല്ലാ രാജ്യത്തുമുണ്ട്. കുടുംബമാണ് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഇടം എന്നാണ് പരമ്പരാഗത സങ്കല്പം. എന്നാല്‍ സ്ത്രീകള്‍ ഏറ്റവുമധികം കൊലചെയ്യപ്പെടുകയും അതിക്രമങ്ങള്‍ക്ക് ഇരയാകപ്പെടുകയും ചെയ്യുന്ന ഏക ഇടങ്ങളിലൊന്നാണ് കുടുംബം എന്നത് മറ്റൊരുകാര്യം. ഈ വര്‍ഷത്തെ കണക്കനുസരിച്ച് കുവൈത്തില്‍ ഗാര്‍ഹിക പീഡന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒമ്ബത് മാസത്തിനിടയില്‍ 779 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. ജോലിഭാരം, ജോലി നഷ്ടപ്പെടുമെന്ന ഭയം തുടങ്ങി വിവിധ കാരണങ്ങളാലുള്ള മാനസിക സമ്മര്‍ദമാണ് പ്രധാനമായും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. കുവൈത്തില്‍ ഓരോ 12 മണിക്കൂറിലും ഒരു ഗാര്‍ഹിക പീഡന കേസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ ഗാര്‍ഹിക പീഡന കേസുകളില്‍ ആക്രമണത്തിന് ഇരയാകുന്നവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. വിവാഹമോചന കേസുകളും, കുറ്റകൃത്യങ്ങളും, ബാലാവകാശ നിയമലംഘനങ്ങളും വര്‍ധിച്ചത് കുട്ടികളുടെ ഭാവിക്ക് ദോഷം വരുത്തുന്നതായി അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ സാദ് അല്‍-സഫ്രാന്‍ അറിയിച്ചു. അതിനാല്‍ ഗാര്‍ഹിക പീഡന കേസുകളുടെ വര്‍ദ്ധനവ് ഇല്ലാതാക്കണമെന്നും, ഗാര്‍ഹിക പീഡനത്തിന് ഇരയായവരെ രക്ഷിച്ച് പുനരധിവസിപ്പിക്കുന്നതിന് അഭയകേന്ദ്രം സ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.