ഡല്‍ഹി: ഹജ്ജ്-ഉംറ തീര്‍ത്ഥാടനത്തിനായി സൗദിയിലെത്തുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യമൊരുക്കാന്‍ സൗദിയും ഇന്ത്യയും തമ്മില്‍ ധാരണ. ഇതിന്റെ ഭാഗമായി സീസണ്‍ സമയങ്ങളില്‍ ഇന്ത്യയ്ക്കും സൗദിക്കും ഇടയില്‍ നേരിട്ടുള്ള കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി തൗഫീഗ് ബിന്‍ ഫസ്വാന്‍ റബിയ അറിയിച്ചു. ഇന്ത്യയിലെത്തിയ സൗദി മന്ത്രിയും കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ വിസ നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്നും ഹജ്ജ് മന്ത്രി അറിയിച്ചു.
ഉംറ തീര്‍ത്ഥാടകരുടെ സുഗമമായ യാത്രക്കായി ഇന്ത്യയ്ക്കും സൗദിയ്ക്കും ഇടയില്‍ നേരിട്ടുള്ള കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനും നിരക്ക് കുറഞ്ഞ വിമാന സര്‍വീസുകള്‍ ആലോചനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും ഹജ്ജിനായി പോകുന്ന തീര്‍ത്ഥാടകര്‍ക്ക് സൗദി ഭരണകൂടം നല്‍കുന്ന അകമഴിഞ്ഞ പിന്തുണയ്ക്ക് മന്ത്രി സ്മൃതി ഇറാനി നന്ദി പറഞ്ഞു. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സൗദി ഹജ്ജ് മന്ത്രി ഇന്ത്യയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ചകളും നടത്തുമെന്നാണ് വിവരം. മക്കയിലേയ്ക്കും മദീനയിലേയ്ക്കും യാത്ര ചെയ്യുന്നവര്‍ക്കുള്ള വിസ നടപടിക്രമങ്ങള്‍ അടക്കം സുഗമമാക്കാനും മെച്ചപ്പെടുത്താനും മന്ത്രിയുടെ സന്ദര്‍ശനം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.