ഗുണനിലവാരമില്ല; 54 ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പുകള്‍ക്ക് വിലക്ക്

Share

ഡല്‍ഹി: ഇന്ത്യയിലെ 54 കഫ് സിറപ്പ് കമ്പനികള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (Central Drugs Standard Control Organisation (CDSCO) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കോസ്മെറ്റിക്സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്ന രാജ്യത്തെ ദേശീയ റെഗുലേറ്ററി ബോഡിയാണ് സിഡിഎസ്സിഒ. പല കമ്പനികളും ഗുണനിലവാരമില്ലാത്ത കഫ് സിറപ്പുകള്‍ നിര്‍മിക്കുന്നതായി കണ്ടെത്തിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പുകള്‍ കഴിച്ച് ആഗോളതലത്തില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ പുതിയ നടപടി. കഫ് സിറപ്പുകളുടെ ഗുണനിലവാരം സംബന്ധിച്ച് സര്‍ക്കാര്‍ ക്ലിയറന്‍സ് ലഭിക്കണം എന്ന കാര്യം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് നിര്‍ബന്ധമാക്കിയിരുന്നു. ഇതനുസരിച്ച്, കയറ്റുമതിക്ക് അനുമതി തേടുന്ന കഫ് സിറപ്പ് കമ്പനികളുടെ സാമ്പിളുകള്‍ പരിശോധിച്ചു വരികയാണ്. 54 കമ്പനികളില്‍ നിന്നും ലഭിച്ച 128 സാമ്പിളുകള്‍ നിലവാരമുള്ളതല്ലെന്ന് സിഡിഎസ്സിഒ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും ഗുജറാത്ത്, മുംബൈ, ചണ്ഡീഗഡ്, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള സര്‍ക്കാര്‍ ലാബുകളിലാണ് പരിശോധന നടത്തിയത്. ഗുണനിലവാരം സംബന്ധിച്ച് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മാത്രമേ ഈ കഫ് സിറപ്പുകള്‍ കയറ്റുമതി ചെയ്യാന്‍ കഴിയൂ എന്നതാണ് നിയമം.