കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും ആണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ്. കൊല്ലം ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍ (52) ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. തമിഴ്‌നാട് തെങ്കാശി പുളിയറയിലെ ഒരു ഹോട്ടലില്‍ നിന്നാണ് പ്രതികളെ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്. ഇവരെ അടൂര്‍ കെഎപി ക്യാംപിലെത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്യുകയാണ്. ചാത്തന്നൂര്‍ കോതേരിയില്‍ നിന്നുമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്. ഇതില്‍ ഒരാള്‍ക്ക് തട്ടിക്കൊണ്ടുപാകലുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഇവരില്‍ ആരെയും തിരിച്ചറിയാന്‍ കുട്ടിക്ക് കഴിഞ്ഞിട്ടില്ല.
പ്രതികളോടൊപ്പം രണ്ട് വാഹനങ്ങളും അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതില്‍ വെള്ള നിറത്തിലുള്ള വാഹനം കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ നേരിട്ട് ഉപയോഗിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊല്ലം പോലീസ് കമ്മീഷണറുടെ പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തത്. നഴ്‌സുമാരുടെ റിക്രൂട്ട്മെന്റും നഴ്‌സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു.
കുട്ടിയുടെ പിതാവ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്. കുട്ടിയുടെ പിതാവ് ഭാരവാഹിയായ സംഘടനയില്‍പ്പെട്ട ചിലരെ ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക വൈരാഗ്യമുള്ള ചിലര്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയോ എന്നും പൊലീസിന് സംശയമുണ്ട്. കഴിഞ്ഞ ദിവസം മൂന്ന് പേരുടെ രേഖാ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പോലീസ് വ്യക്തമാക്കി.