ദുബായ് വിമാനത്താവളത്തില്‍ നേരത്തെ എത്തിച്ചേരണം; അറിയിപ്പുമായി വിമാനത്താവള അധികൃതര്‍

Share

ദുബായ്: ഈ മാസം ദുബായിലേക്ക് വരുന്നവര്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് വിമാനത്താവളം അധികൃതര്‍. കാലാവസ്ഥ ഉച്ചകോടി, ക്രിസ്മസ് അവധി, ന്യൂ ഇയര്‍ ആഘോഷം, ദേശീയ ദിനാഘോഷം എന്നിവയെല്ലാം ഈ മാസത്തിന്റെ പ്രത്യേകതയായതിനാല്‍ വിമാനത്താവളങ്ങളില്‍ തിരക്ക് വര്‍ധിക്കുമെന്ന് കമ്പനികള്‍ മുന്നറിയിപ്പു നല്‍കി. അതിനാല്‍ ഡിസംബര്‍ മാസത്തില്‍ യാത്രക്കായി വരുന്നവര്‍ നിര്‍ബന്ധമായും രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നാണ് വിമാന കമ്പനികള്‍ അറിയിച്ചിരിക്കുന്നത്.

എല്ലാ വാരാന്ത്യങ്ങളിലും 75,000-ത്തോളം പേരെങ്കിലും ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ 3 മണിക്കൂര്‍ മുമ്പ് എങ്കിലും യാത്രയ്ക്ക് മുമ്പായി വിമാനത്താവളത്തില്‍ എത്തണം. നേരത്തെ വെബ് ചെക്ക് ഇന്നും എയര്‍പോര്‍ട്ടിലെ ബാഗേജ് ഡ്രോപ് സംവിധാനവും ഉപയോഗിക്കണം. അല്ലാത്ത പക്ഷം സിറ്റി ചെക്ക് ഇന്‍, ഹോം ചെക്ക് ഇന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും വിമാനകമ്പനികള്‍ അറിയിച്ചു.