ടെല്‍ അവീവ്: ഇസ്രായേല്‍-ഹമാസ് യുദ്ധം വീണ്ടും ആശങ്കയിലേക്ക്. ഗാസയില്‍ ഒരാഴ്ചയായി തുടരുന്ന വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ബോംബാക്രമണം പുനരാരംഭിച്ചതായി ഇസ്രോയേല്‍ സൈന്യം അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചുവെന്നും അത് തുടരാന്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ആക്രമണമെന്നും ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. വെടിനിര്‍ത്തല്‍ ആദ്യം ലംഘിച്ചത് ഹമാസാണെന്നും അവര്‍ തങ്ങളുടെ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തതായും ഇസ്രായേല്‍ അറിയിച്ചു. ഇതിന്റെ പ്രത്യാക്രമണമാണ് ഇപ്പോള്‍ നടത്തിയതെന്നും ഇസ്രായേല്‍ പ്രതികരിച്ചു.
ഹമാസ് തൊടുത്തുവിട്ട റോക്കറ്റ് ആക്രമണത്തെ പ്രതിരോധിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ വീണ്ടും ശക്തമായ ആക്രമണം ഗാസയ്ക്ക് മേൽ ആരംഭിച്ചത്. ഇസ്രായേലിന്റെ ബോംബാക്രമണത്തില്‍ കുട്ടികള്‍ അടക്കം 8 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം. വടക്കന്‍ ഗാസയിലും തെക്കന്‍ ഗാസയിലും നിരവധി കേന്ദ്രങ്ങളില്‍ ഇസ്രയേലി യുദ്ധവിമാനങ്ങള്‍ ബോംബിട്ടു. ഏഴു ദിവസത്തെ വെടിനിര്‍ത്തലില്‍ ഹമാസിന്റെ പിടിയിലായിരുന്ന 110 ബന്ദികളാണ് മോചിപ്പിക്കപ്പെട്ടത്. ഇസ്രയേലി ജയിലുകളില്‍ തടവിലായിരുന്ന 240 പലസ്തീനികളും സ്വതന്ത്രരായി.
വെടിനിര്‍ത്തല്‍ നീട്ടാന്‍ ഖത്തറിന്റെയും ഈജിപ്തിന്റെയും ശ്രമം തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇസ്രയേല്‍ ഇന്ന് രാവിലെ വ്യോമാക്രമണം പുനരാരംഭിച്ചത്. ഗാസയുടെ ദക്ഷിണ ഭാഗങ്ങളില്‍ നിരവധി ഡ്രോണ്‍ ആക്രമണങ്ങൾ നടന്നുവെന്നും സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുകയാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെ വീണ്ടും ആക്രമണമുണ്ടായതോടെ ഉടനടി ഒരു വെടിനിര്‍ത്തലിന് സാദ്ധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം.
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെട്ടുവെന്നും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റുവെന്നും ഇതില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്നും ഇസ്രയേല്‍ അറിയിച്ചു. 240 പേരെ ഹമാസ് ബന്ദികളാക്കിയെന്നും ഇസ്രയേല്‍ വെളിപ്പെടുത്തിയിരുന്നു. വെടിനിര്‍ത്തല്‍ കാലത്ത് 240 ബന്ദികളെ വിട്ടയച്ചതായിട്ടാണ് ഇസ്രയേലിന്റെ അവകാശവാദം. ഇസ്രയേലില്‍ ജോലി ചെയ്യുന്ന 20-തിലധികം വിദേശികളേയും പാലസ്തീന്‍ വിട്ടയച്ചിരുന്നു. അതേസമയം ഇസ്രായേല്‍ ആക്രമണത്തില്‍ 15,000-ത്തോളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുദ്ധമുഖത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 57 ജേര്‍ണലിസ്റ്റുകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.