കൊല്ലം: വ്യാപകമായ തിരച്ചിലിനൊടുവില്‍ കൊല്ലം ഓയൂരില്‍ നിന്നും കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞതായി പോലീസ് അറിയിച്ചു. പ്രതികള്‍ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കേരളക്കരയാകെ മണിക്കൂറുകളായി തിരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ പൊലീസുകാര്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും. ഒരു സംഘം പൊലീസുകാര്‍ സ്ഥലത്തെത്തി. നാടൊന്നാകെ കുട്ടിക്കായി തിരച്ചില്‍ തുടങ്ങിയതാണ് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ പ്രതികളെ പ്രേരിപ്പിച്ചത്. സ്വന്തം മകളെന്ന പോലെ നാടൊന്നാകെ അബിഗേലിനായി തിരച്ചില്‍ തുടങ്ങിയതാണ് ഈ തിരച്ചില്‍ വിജയത്തിലേക്ക് എത്തിച്ചത്.
നീണ്ട 21 മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് അബിഗേലിനെ കണ്ടെത്തിയത്. കുട്ടി കൊല്ലം ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്ന സംഘം കോട്ടയം ജില്ലയിലെ പുതുവേലിയിൽ എത്തിയെന്ന സംശയത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടിയെ കൊല്ലത്ത് നിന്നും കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയെങ്കിലും തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇവർ സംസ്ഥാനം വിട്ടിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.