ആ ശുഭവാര്‍ത്തയ്ക്കായി കാതോര്‍ത്ത് കേരളം; ആറുവയസുകാരിയുടെ മോചനത്തിനായി നാടിളക്കി തെരച്ചില്‍

Share

കൊല്ലം: ഓയൂര്‍ പൂയപ്പള്ളിയില്‍ ആറുവയസുകാരി അബിഗേല്‍ സാറയെ പകല്‍ വെളിച്ചത്തില്‍ സ്വന്തം വീടിനുമുന്നില്‍ നിന്നും തട്ടികൊണ്ടുപോയ സംഭവം നാടിനെ ഒന്നാകെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. പോലീസും മാധ്യമങ്ങളും നാട്ടുകാരും രാഷ്ട്രീയ സന്നദ്ധ- സംഘടനാ പ്രവര്‍ത്തകരുമെല്ലാം നാടിളക്കി അന്വേഷിക്കുന്നുണ്ടെങ്കിലും സംഭവം നടന്ന് 18 മണിക്കൂറുകള്‍ പിന്നിടുമ്പോഴും ആ മകള്‍ വീടണഞ്ഞു എന്ന ശുഭ വാര്‍ത്തയിലേക്കെത്താന്‍ വൈകുകയാണ്. ചില സൂചനകള്‍ ലഭിക്കുന്നുണ്ടെന്ന് പോലീസ് അറിയിക്കുന്നുണ്ടെങ്കിലും കുട്ടിയെ കൃത്യമായി ലൊക്കേറ്റ് ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെ കുട്ടിയെ തട്ടികൊണ്ടുപോയ സംഘത്തില്‍ ഉണ്ടെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു.

സംഭവത്തന് പിന്നാലെ സംഘത്തില്‍ ഒപ്പമുണ്ടായിരുന്ന സ്ത്രീയും പുരുഷനും കൊല്ലം പാരിപ്പള്ളിയിലെ കടയിലെത്തി സാധനങ്ങള്‍ വാങ്ങുകയും തന്ത്രപരമായി കടയുടമയുടെ ഫോണില്‍ നിന്നും കുട്ടിയുടെ അമ്മയുടെ ഫോണില്‍ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആദ്യം 5 ലക്ഷവും പിന്നീടുള്ള ഫോണ്‍വിളിയില്‍ 10 ലക്ഷവും നല്‍കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടത്. കുഞ്ഞ് ഞങ്ങളുടെ കൈയില്‍ സുരക്ഷിതയാണെന്ന് ഇവര്‍ വീട്ടുകാരെ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ പണം തന്നാല്‍ കുട്ടിയെ തിരികെ നല്‍കുമോയെന്ന് ചോദിച്ചപ്പോള്‍ രാവിലെ പത്ത് മണിക്ക് നല്‍കാനാണ് ബോസിന്റെ നിര്‍ദ്ദേശമെന്നുമായിരുന്നു മറുപടി. ഇന്ന് രാവിലെ 10 മണിക്ക് പത്തുലക്ഷം അറേഞ്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ കട്ടാക്കുകയും ചെയ്തു. ഓട്ടോയിലാണ് സ്ത്രീയും പുരുഷനും കടയില്‍ എത്തിയതെന്ന് കടയുടമ പറഞ്ഞു. കടയില്‍ നിന്ന് ബിസ്‌ക്കറ്റും റസ്‌കും തേങ്ങയും വാങ്ങിയാണ് ഇവര്‍ മടങ്ങിയത്.

ഫോണ്‍ ചെയ്യാന്‍ കടയിലെത്തിയ സ്ത്രീയോടൊപ്പമുണ്ടായിരുന്ന പുരുഷന്റെ രേഖാചിത്രമാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ ദിവസവാടകയ്‌ക്കെടുത്ത കാറിലെത്തിലെത്തിയ ഈ സംഘത്തെ കുറിച്ച് ഇതുവരെ യാതൊരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല. ഇതിനിടെ തിരുവനന്തപുരത്ത് സംശയസ്പദമായി മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിലായി. ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ശ്രീകാര്യത്തുനിന്ന് കസ്റ്റഡിയിലെടുത്ത ആളുമായി ശ്രീകണ്ഠേശ്വരത്ത് എത്തി മറ്റു രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്റര്‍ ഉടമ പ്രജീഷ് ഉള്‍പ്പടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് അനധികൃതമായി ബാഗില്‍ സൂക്ഷിച്ചിരുന്ന 15 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും തന്നെ സംഭവവുമായി ബന്ധമില്ലെന്ന് ചോദ്യം ചെയ്യലില്‍ പോലീസിന് ബോധ്യമായ സാഹചര്യത്തില്‍ ഇവരെ വിട്ടയച്ചു.

ഇന്നലെ വൈകിട്ട് ഇന്ത്യന്‍ സമയം വൈകിട്ട 4:30-നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അബിഗേലിന്റെ സഹോദരന്‍ ജോനാഥനെയും മുഖംമൂടി സംഘം കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും കുട്ടി കുതറി രക്ഷപ്പെട്ടു. പൂയപ്പള്ളി കാറ്റാടിമുക്കിന് സമീപം ഓട്ടുമല റെജി ഭവനില്‍ റെജി ജോണിന്റെയും സിജിയുടെയും ഇളയ മകളാണ് അബിഗേല്‍. പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ ഡയാലിസിസ് ഇന്‍ചാര്‍ജ്ജാണ് റെജി. സിജി കൊട്ടിയം കിംസ് ആശുപത്രിയിലെ നേഴ്‌സാണ്. സ്‌കൂള്‍ വിട്ട ശേഷം ഒന്നാം ക്ലാസുകാരി അബിഗേലും മൂന്നാം ക്ലാസുകാരന്‍ ജോനാഥനും നൂറ് മീറ്ററപ്പുറമുള്ള ട്യൂഷന്‍ വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ പിന്നില്‍ നിന്നെത്തിയ കാര്‍ കുട്ടികള്‍ക്ക് അരികില്‍ നിറുത്തുകയും കാറില്‍ നിന്നിറങ്ങിയ ഒരാള്‍ അമ്മയ്ക്ക് കൊടുക്കെന്ന് പറഞ്ഞ് ഒരു പേപ്പര്‍ അബിഗേലിന് നേരെ നീട്ടിയ ശേഷം പെട്ടെന്ന് കാറിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. തന്നെ പിടിച്ചപ്പോള്‍ കൈയിലുണ്ടായിരുന്ന വടി ഉപയോഗിച്ച് അടിച്ച് രക്ഷപ്പെട്ടുവെന്ന് ജോനാഥന്‍ പറഞ്ഞു. ജോനാഥന്‍ ഉറക്കെ കരഞ്ഞുകൊണ്ട് വീട്ടിലെത്തിയപ്പോഴാണ് വിവരം പുറം ലോകം അറിയുന്നത്. വീട്ടില്‍ അബിഗേലിന്റെ പിതാവ്  റെജിയുടെ മാതാവ് മാത്രമേ ഉണ്ടായിരുന്നുള്ളു. നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കുകയും പൊലീസ് സംസ്ഥാനത്തെയും തമിഴ്‌നാട്ടിലെയും എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും വിവരം ഉടനടി കൈമാറുകയും ചെയ്തു.

അതേസമയം അബിഗേല്‍ സാറയ്ക്കായി പൊലീസ് വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെ മറ്റൊരു തട്ടിക്കൊണ്ടുപോകൽ ശ്രമത്തിന്റെ വിവരം കൂടി പുറത്ത് വന്നു. ഓയൂരില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ ഇന്നലെ മറ്റൊരു തട്ടിക്കൊണ്ടുപോകല്‍ ശ്രമം കൂടി നടന്നുവെന്നാണ് പരോലീസിന് പരാതി ലഭിച്ചിരിക്കുന്നത്. സൈനികന്‍ ബിജുവിന്റെ വീട്ടില്‍ അജ്ഞാത സംഘമെത്തിയെന്നാണ് പരാതി. ബഹളം വെച്ചപ്പോള്‍ ഇവര്‍ രക്ഷപ്പെട്ടെന്നും വീട്ടമ്മ പറയുന്നു. ഇന്നലെ രാവിലെ 8.30 നായിരുന്നു സംഭവം. മകള്‍ വീടിന് പുറത്തേക്ക് വന്നപ്പോള്‍ തലയില്‍ മുഖം മറച്ചൊരു സ്ത്രീയും ഒരു പുരുക്ഷനും വീടിന് പരിസരത്ത് നില്‍ക്കുന്നത് കണ്ട് ആരാണെന്ന് ഉറക്കെ ചോദിച്ചപ്പോള്‍ അവര്‍ ഓടി രക്ഷപെട്ടെന്നും വീട്ടമ്മ ചിത്ര പറയുന്നു. ഉടന്‍ തന്നെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചെന്നും വീട്ടമ്മ പറഞ്ഞു. രണ്ടര വയസുള്ള ഇളയ മകനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം എത്തിയതെന്നാണ് കരുതുന്നതെന്നും വീട്ടമ്മ പറയുന്നു. ഈ പരാതിയുടെയും അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.