കൊച്ചി: നാല് പേരുടെ മരണത്തിടയാക്കിയ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശലയുടെ ടെക് ഫെസ്റ്റ് സംഘാടനത്തില്‍ വീഴ്ച വ്യക്തമാക്കുന്ന കത്ത് പുറത്ത്. ടെക് ഫെസ്റ്റ് പരിപാടിക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് പ്രിന്‍സിപ്പല്‍ രജിസ്ട്രാര്‍ക്ക് നല്‍കിയ കത്താണ് പുറത്തു വന്നത്. പരിപാടിയ്ക്ക് സെക്യൂരിറ്റിയുടെയും പൊലീസിന്റെയും സുരക്ഷ ഒരുക്കണമെന്നായിരുന്നു നവംബര്‍ 21-ന് നല്‍കിയ കത്തിലുണ്ടായിരുന്നത്. എന്നാല്‍ ഈ കത്ത് രജിസ്ട്രാര്‍ പൊലീസിന് കൈമാറിയിട്ടില്ലെന്നാണ് ആരോപണം. പരിപാടി നടക്കുന്ന തീയതിയും സമയവുമെല്ലാം കത്തിലുണ്ടായിരുന്നതായും ഇത് പൊലീസിന് കൈമാറാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും കുസാറ്റ് എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആന്‍സണ്‍ പി ആന്റണി ആരോപിച്ചു. എന്നാല്‍ പരിപാടിയെക്കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നു എന്നാണ് ‘കുസാറ്റ്’ വൈസ് ചാന്‍സലര്‍ പി.ജി ശങ്കരന്റെ പ്രതികരണം. സുരക്ഷാവീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും, പരിപാടി നടക്കുന്ന സ്ഥലത്ത് ആറ് പൊലീസുകാര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, അപകടം അന്വേഷിക്കുന്ന മൂന്നംഗ സമിതി കൊച്ചിയില്‍ യോഗം ചേര്‍ന്നു. കുസാറ്റിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പലിന്റെ പേരില്‍ പുറത്ത് വന്ന കത്തിലാണ് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കുസാറ്റിലെ സ്‌കൂള്‍ ഒഫ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ എല്ലാ വര്‍ഷവും നടത്തുന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള നടക്കാനിരിക്കെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളടക്കം നാല് പേരാണ് മരിച്ചത്. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫ്, വടക്കന്‍ പറവൂര്‍ സ്വദേശി ആന്‍ റിഫ്റ്റ, കോഴിക്കോട് താമരശ്ശേരി സ്വദേശി സാറ തോമസ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നിരവധി പേര്‍ ഇപ്പോഴും ചികില്‍സയിലാണ്.