മലേഷ്യയിലേക്ക് സ്വാഗതം; ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശനം

Share

ദുബായ്: ഇന്ത്യയിലെയും ചൈനയിലെയും പൗരന്‍മാര്‍ക്ക് നിശ്ചിതകാലത്തേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന് മലേഷ്യ. 30 ദിവസത്തെ വിസ രഹിത പ്രവേശനം അനുവദിച്ച തായ്ലന്റ് തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് മലേഷ്യയയുടെ പ്രഖ്യാപനം. 2023 ഡിസംബര്‍ 1 മുതല്‍ 30 ദിവസം വരെയുള്ള ഒരുമാസക്കാലം രാജ്യത്ത് വിസയില്ലാതെ താമസിക്കാനുള്ള അവസരമാണ് ഇന്ത്യ-ചൈനീസ് പൗരന്‍മാര്‍ക്ക് അവസരമൊരുക്കുന്നതെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പ്രഖ്യാപിച്ചു. പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രസംഗത്തിനിടെ യാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിലെ സാഹചര്യത്തില്‍ ചൈനീസ്, ഇന്ത്യന്‍ പൗരന്മാര്‍ക്ക് മലേഷ്യയില്‍ പ്രവേശിക്കുന്നതിന് വിസ നിര്‍ബന്ധമാണ്.

ചൈനയും ഇന്ത്യയും മലേഷ്യയുടെ ഏറ്റവും വലിയ ഉറവിട വിപണികളാണെന്നും ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ മലേഷ്യയില്‍ 9.16 ദശലക്ഷം വിനോദസഞ്ചാരികളുടെ വരവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈനയില്‍ നിന്ന് 4,98,540-ഉം ഇന്ത്യയില്‍ നിന്ന് 2,83,885-ഉം വിനോദസഞ്ചാരികള്‍ മലേഷ്യയില്‍ എത്തിയെന്നാണ് കണക്ക്. കോവിഡ് മഹാമാരിക്ക് മുമ്പ്, 2019-ലെ ഇതേ കാലയളവില്‍ ചൈനയില്‍ നിന്ന് 1.5 ദശലക്ഷവും ഇന്ത്യയില്‍ നിന്ന് 3,54,486 പേരും മലേഷ്യയില്‍ എത്തിയിയിരുന്നു. അയല്‍രാജ്യമായ തായ്‌ലന്‍ഡ് ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനും മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുമായി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് മലേഷ്യയും സമാനമായ നീക്കം നടത്തിയിരിക്കുന്നത്.

ഇതിനിടെ തിരുവനന്തപുരത്ത് നിന്നും മലേഷ്യയിലേക്ക് സര്‍വീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്തോ-മലേഷ്യന്‍ കമ്പനിയായ എയര്‍ ഏഷ്യ. മാത്രമല്ല കേവലം 4,999 രൂപയ്ക്ക് 2024 ഒക്ടോബര്‍ 26 വരെ തിരുവനന്തപുരത്ത് നിന്ന് ക്വാലാലംപൂരിലേക്ക് ഓള്‍ ഇന്‍ വണ്‍വേയില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് എയര്‍ ഏഷ്യ ഒരുക്കിയിരിക്കുന്നത്. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങളും എയര്‍ ഏഷ്യ സൂപ്പര്‍ ആപ്പില്‍ ലഭ്യമാകും. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വിശദാംശങ്ങള്‍ ലഭിക്കും. ആഗോള വിനോദ സഞ്ചാരത്തിന്റെ ഭാഗമായാണ് ക്വാലാലംപൂരിലേക്ക് കൊച്ചിക്കു പുറമേ തിരുവനന്തപുരത്ത് നിന്ന് പുതിയ റൂട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള എയര്‍ ഏഷ്യയുടെ രണ്ടാമത്തെ നേരിട്ടുള്ള റൂട്ടാണിത്. ആഴ്ചയില്‍ നാല് തവണ നടത്തുന്ന സര്‍വീസ് 2024 ഫെബ്രുവരി 21-ന് ആരംഭിക്കുമെന്നാണ് എയര്‍ ഏഷ്യ അറിയിച്ചിരിക്കുന്നത്. നിലവില്‍ കൊച്ചിയില്‍ നിന്ന് ക്വാലാലംപൂരിലേക്ക് ആഴ്ചയില്‍ 12 സര്‍വീസുകളാണുള്ളത്. ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് മലേഷ്യയിലേക്ക് ചെന്നൈ, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, കൊച്ചി, ബെംഗളൂരു, കൊല്‍ക്കത്ത വഴി 6 നേരിട്ടുള്ള സര്‍വീസുകളും വടക്കേ ഇന്ത്യന്‍ നഗരങ്ങളായ അമൃത്സര്‍, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് എയര്‍ഏഷ്യ 2 മലേഷ്യയിലേക്ക് നേരിട്ടുള്ള സര്‍വീസ് നടത്തുന്നുണ്ട്.